തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിൽ ചെറിയ പിഴവ് സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ളത് അസാധാരണ സാഹചര്യമാണ്.
ആ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അതീവജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി വിക്ടേഴ്സ് ചാനൽ വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുത്.
അതിനാലാണ് ക്വാറന്റൈൻ എന്ന വാക്കിന് പകരം കെയര്‍ ഹോം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതി നേരിടാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കഴിയും.
വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളിൽ സാനിറ്റൈസർ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സമൂഹവ്യാപനം തടയാൻ കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസുകൾ പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങൾ നല്ല രീതിയിൽ ശുചീകരണം ഉറപ്പുവരുത്തണം.
ആറ്റുകാൽ പൊങ്കാലയിൽ എല്ലാം പ്രവർത്തിച്ചപോലെ മറ്റിടങ്ങളിലും പ്രവർത്തനങ്ങൾ വേണം. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കപ്പെട്ടു.
ഇത്തരത്തിലുള്ള ജാഗ്രത തുടരണം. മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികള്‍ ഇവരെല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ബോധവത്കരണം ശക്തമായി നടക്കണം.
ആരേയും ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. ചില സംഭവങ്ങൾ നാടിനു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവർ കവലകളില്‍ കൂട്ടം കൂടരുത്. രോഗവ്യാപനം തടയാന്‍ അവരെ ബോധവത്കരിക്കല്‍ പ്രധാനമാണ്.
അവരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. മാസ്കും സാനിറ്റൈസറുകളും കൂടുതലായി ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.