തിരുവനന്തപുരം: ലോക വ്യാപകമായി പടർന്നു പിടിക്കുന്ന കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ ഡാൻസ് കളിച്ച് കേരള പോലീസിന്റെ ബോധവത്കരണം. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിലെ ഗാനത്തിനു ചുവടുവച്ചാണു പോലീസിന്റെ ബോധവത്കരണ ശ്രമം.
വൈറസ് ബാധയെ തടയാൻ കൈകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയമാണ് പോലീസ് ഡാൻസിലൂടെ അവതരിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ എത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ തരംഗമായി. കേരള സർക്കാരിന്റെ ബ്രേക് ദ ചെയിൻ കാന്പെയ്നിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.
പോലീസ് സേനയിലെ രതീഷ് ചന്ദ്രൻ, ഷിഫിൻ സി. രാജ്, അനൂപ് കൃഷ്ണ വി.വി, ജഗത്ചന്ദ് ബി., രാജീവ് സി.പി., ഹരിപ്രസാദ് എം.വി എന്നിവരാണ് ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാറാണ് ഏകോപനം. ഹേമന്ത് ആർ നായരാണ് കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
കോവിഡ് 19 പടർന്നു പിടിക്കാതിരിക്കാൻ ജാഗ്രതയുടെ ഭാഗമായാണ് ബ്രേക്ക് ദി ചെയിൻ കാന്പെയിൻ ആരംഭിച്ചത്. ഒരാളിൽ നിന്നു മറ്റുപലരിലേക്ക് എന്ന ക്രമത്തിൽ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം.
സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജയറാം, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ ബ്രേക്ക് ദി ചെയിൻ കാന്പെയ്നിന്റെ ഭാഗമായി.
എല്ലാ മാധ്യമങ്ങളും ബ്രേക്ക് ദി ചെയിൻ കാന്പെയ്നിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണം നടത്തിവരുന്നു.
കേരളാ പോലീസ് ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി തയാറാക്കിയ വീഡിയോ കാണാൻ ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക.