സ്വന്തം ലേഖകൻ
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ തൃശൂർ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെക്കേണ്ടി വരും.
തൃശൂർ പൂരം എക്സിബിഷനും അനുമതി നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പൂരം കൊടിയേറ്റം മുതൽ പകൽപൂരം കഴിഞ്ഞുള്ള വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച് തൃശൂരിൽ നിന്ന് മടങ്ങുന്നതുവരെയുള്ള ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കാനും പങ്കാളികളാകാനും ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശത്തു നിന്നും വിദേശത്തുനിന്നുമൊക്കെയായി എത്തുകയെന്നതുകൊണ്ട് കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശമാണ് പല കോണിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
തൃശൂർ പൂരം ചടങ്ങുമാത്രമായി നടത്തുകയെന്ന തീരുമാനം കൈക്കൊള്ളണമെങ്കിൽ വിശദമായ ചർച്ചയും കൂടിയാലോചനകളും വേണമെന്നതുകൊണ്ട് ഏപ്രിൽ 15 നുശേഷം ഇക്കാര്യത്തിൽ ചർച്ച നടത്താനാണ് തീരുമാനം.
കോവിഡിന്റെ വ്യാപനം തടയുന്നതിനായി ആഘോഷങ്ങൾ ഒഴിവാക്കി ആചാരങ്ങൾ മാത്രമായി നടത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം കൊടുങ്ങല്ലൂർ ഭരണി ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ പലപ്രധാന ഉത്സവാഘോഷങ്ങളും ഇത്തരത്തിൽ ആചാരങ്ങൾ മാത്രം നടത്തിയാണ് കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പൂർത്തിയാക്കുന്നത്.
ജനങ്ങളുടെ പൂർണ പിന്തുണ ഈ തീരുമാനത്തോടുണ്ടെന്നതും ശ്രദ്ദേയമാണ്. തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ജില്ലയിലെ മൂന്നു മന്ത്രിമാരും ചേർന്ന് വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
ദേവസ്വങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും മറ്റു ഡിപ്പാർട്ടുമെന്റുകളുടേയും വിശദമായ യോഗം അടുത്ത മാസം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമായിരിക്കും അന്തിമ തീരുമാനം.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ അഭിപ്രായവും ആരായുമെന്ന് സൂചനയുണ്ട്.