ന്യൂഡൽഹി: ലോകത്താകമാനം കൊറോണ വൈറസ് ഭീതിപരത്തി പടർന്നതോടെ വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ.
ജനുവരി 18 നും രാജ്യാന്തര വിമാനങ്ങൾക്ക് പൂർണമായും വിലക്കേർപ്പെടുത്തിയ മാർച്ച് 23 നും ഇടയിലാണ് ഇത്രയും പേർ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇവരെ നിരീക്ഷിക്കാൻ കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇവരിൽ ഭൂരിപക്ഷം പേരും വിദേശയാത്ര കഴിഞ്ഞെത്തിയവർക്ക് നിർബന്ധമാക്കിയ ക്വാറന്റൈനിലാണ്. എന്നാൽ വിദേശത്തുനിന്നും എത്തിയവരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണവും തമ്മിൽ അന്തരമുണ്ട്. ഈ അന്തരം രോഗവ്യാപനം തടയാനുളള ശ്രമങ്ങളെ അവതാളത്തിലാക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ആശങ്ക പ്രകടിപ്പിച്ചു.
വിദേശത്തുനിന്നും എത്തിയ പലരും 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. ഇവർ ഇപ്പോൾ സുരക്ഷിതരാണ്. എന്നാൽ ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച ചിലർ ഇപ്പോഴും രോഗ വ്യാപനം നടത്താൻ സാധ്യതയുള്ളവരാണ്. സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്നും ഇത്തരമാളുകളെ കണ്ടെത്തണമെന്നും സംസ്ഥാനങ്ങൾക്ക് ഗൗബ നിർദേശം നൽകി.
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നൽകിയ കണക്കുപ്രകാരം വിദേശത്തുനിന്നും 15 ലക്ഷം ആളുകളാണ് എത്തിയത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിലുള്ളവർ ഇത്രയില്ലെന്നാണ് കണക്കുകളിൽ നിന്നു വ്യക്തമാവുന്നത്.
വിമാനം വഴി വന്നവരുടെ കണക്കു മാത്രമാണ് 15 ലക്ഷം. മറ്റു മാർഗങ്ങൾ വഴി വന്നവരുടെ കണക്ക് ഇതിലില്ല. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച പലരും വിദേശയാത്ര കഴിഞ്ഞുവന്നവരാണ്.