കൊണ്ടോട്ടി: കോവിഡ് 19 ഭീതിയെ തുടർന്നു വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രാവസികളുമായി നാളെ മുതൽ വിമാനങ്ങളെത്തുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിൽ പഴുതുകളടച്ച സൗകര്യങ്ങൾ. ഓരോ യാത്രക്കാരെയും പ്രത്യേകം പരിശോധിക്കാനും ക്വാറന്ൈറൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള പ്രത്യേക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കുന്നത്.
വിമാനത്താവളത്തിലെ സൗകര്യങ്ങൾ അവസാനവട്ട വിലയിരുത്തലിനായി മലപ്പുറം ജില്ലാകളക്ടറുടെയും പോലീസ്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘം ഇന്നു കരിപ്പൂരിലെത്തും. എയർപോർട്ട് അഥോറിറ്റി ഉന്നതരും എമിഗ്രേഷൻ, കസ്റ്റംസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
കോവിഡ് 19 കണ്ടെത്തിയതിനെ തുടർന്ന് കരിപ്പൂരിലെത്തിയ പ്രവാസികളിൽ ചിലർ രോഗബാധയുളളപ്പോൾ തന്നെ പ്രദേശത്തിറങ്ങി നടന്നത് വിവാദമായിരുന്നു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാൻ വിമാനത്താവളത്തിലെ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ കർശനമാക്കും.
ആരോഗ്യ, കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകൾ വിമാനത്താവളത്തിലുണ്ടാകും. കരിപ്പൂർ ഹജ്ജ് ഹൗസ് അടക്കം മലപ്പുറം ജില്ലയിൽ 200 കോവിഡ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും.
പ്രത്യേക എയർകണ്ടീഷൻ സൗകര്യമടക്കം വേണ്ടവർക്കും ഇതനുസരിച്ചുള്ള റിസോർട്ടുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ ചെലവുകൾ സ്വയം വഹിക്കേണ്ടിവരും. വിമാനത്താവളത്തിന് സമീപത്തുളള കരിപ്പൂർ ഹജ്ജ് ഹൗസിൽ 60 കിടക്കളോടെയാണ് പ്രത്യേക സൗകര്യമൊരുക്കിയത്.
പുരുഷൻമാർക്കും സ്ത്രീകൾക്കും 30 വീതം ലഭ്യമാക്കും. ആയിരത്തിലേറെ ഹാജിമാർക്ക് താമസിക്കാൻ സൗകര്യമുളള ഇവിടെ ആവശ്യമെങ്കിൽ കൂടുതൽ കിടക്കകളും മുറികളും സജീകരിക്കാനാണ് തീരുമാനം.
വാഹന പാർക്കിംഗ് സൗകര്യവും ഹജ്ജ് ഹൗസിലുണ്ട്. നാളെ കരിപ്പൂരിൽ റിയാദ്, ദുബായ് എന്നിവടങ്ങളിൽ നിന്നാണ് പ്രാവസികളുമായി വിമാനങ്ങളെത്തുന്നത്.