പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 719 പേരെ പത്തനംതിട്ടയിൽ നിരീക്ഷണത്തിലാക്കി. ഇവരുമായി നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു.
നേരിട്ട് സന്പർക്കമില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ട 449 പേരെയും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 14 പേർ മറ്റുതരത്തിൽ നിരീക്ഷണത്തിലുണ്ട്. ഇത്തരത്തിൽ 733 പേരെ പത്തനംതിട്ട ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 12 ഉം, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നാലു പേരും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരിൽ ആരുടെയും ഫലം ഇന്നലെ പോസിറ്റീവായി കണ്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.
നിരീക്ഷണത്തിലുള്ളവരിൽ 58 പേരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.. ഇവരെ മെഡിക്കൽ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞവരുമായി ഇടപഴകിയമറ്റുള്ളവരെയും കണ്ടെത്താനുള്ളശ്രമം നടക്കുന്നുണ്ട്. ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുന്പോൾ കൂടുതൽ ആളുകളെ നിരീക്ഷണത്തിൽ വയ്ക്കേണ്ടിവരുമെന്ന ആശങ്കയും ഉണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ ദന്പതികളും മകനും അടങ്ങുന്ന കുടുംബത്തിനും ഇവരുടെ സഹോദരനും ഭാര്യയ്ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ്. ഇവരുടെ വയോധികരായ മാതാപിതാക്കൾ രണ്ടുദിവസം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
പ്രായാധിക്യമുള്ള ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഇന്നലെ മാറ്റി. നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മൂന്ന് മുറികൾ കൂടി ഐസൊലേഷൻ വാർഡാക്കി. രണ്ട് സ്വകാര്യ ആശുപത്രികളിൽ കൂടി ഐസൊലേഷൻ വാർഡ് വേണ്ടിവന്നാൽ ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പുതുതായി 12 സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. പത്തനംതിട്ട – ഒന്പത്, അടൂർ – രണ്ട്, കോഴഞ്ചേരി – ഒന്ന് എന്നിങ്ങനെയാണ് പരിശോധനയ്ക്ക് അയച്ച സാന്പിളുകൾ. കഴിഞ്ഞ ആറ് മുതൽ ഇന്നലെ വരെ 30 സാന്പിളുകൾ അയച്ചതിൽ അഞ്ചെണ്ണമാണ് പോസിറ്റീവായത്. ആറെണ്ണം നെഗറ്റീവായി.
19 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിച്ചുകൊണ്ട് ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നത് രോഗ്യവ്യാപനവും കൊറോണ ഭീതിയും കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
രണ്ടുവയസുള്ള കുട്ടിയെയും നിരീക്ഷണത്തിലാക്കി
പത്തനംതിട്ട: കോവിഡ് 19 ബാധിതരുമായി ഇടപഴകിയ കുടുംബത്തിലെ രണ്ടുവയസുള്ള കുട്ടിയെ കൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കുട്ടിയുടെ മാതാവിനെയും ഐസൊലേഷൻ വാർഡിൽ എത്തിച്ചിട്ടുണ്ട്. രണ്ടുവയസുള്ള കുട്ടിക്കൊപ്പം മാതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 14 പേർ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ 20 പേരെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.