പത്തനംതിട്ട: ഐത്തല ഉൾപ്പെടുന്ന റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ആരോഗ്യവകുപ്പ് താങ്ങും തണലുമാകുകയാണ്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണമെടുക്കുന്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന പഞ്ചായത്താണ് പഴവങ്ങാടി.
പഞ്ചായത്ത് പ്രദേശത്ത് കൂടുതൽ ആളുകൾ വീടുകളിൽ തന്നെ നിരീക്ഷണത്തിലായതോടെ ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ആരോഗ്യവകുപ്പും സന്നദ്ധപ്രവർത്തകരുമാണ്.
ഒരു കുടുംബത്തിൽ നിന്നു തന്നെ ഏഴുപേർ. ഇവരിൽ നിന്നു രോഗം പരക്കുമെന്ന ഭീതിയിലായ ഈ ഗ്രാമത്തെ കൈവിടാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തയാറായിരുന്നില്ല. സമീപസ്ഥലമായ വടശേരിക്കരയിലെ രണ്ടുപേർക്കു മാത്രമാണ് ഈ കുടുംബത്തിനു പുറത്ത് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി അടുത്തിടപഴകിയ 75 പേരെ ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തി നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29നു നാട്ടിലെത്തിയ കുടുംബവുമായി ഓരോരുത്തരും ഇടപെട്ട തീയതി മുതൽ 14 ദിവസമാണ് ആദ്യഘട്ട നിരീക്ഷണം.
ഹൈ റിസ്കിലുള്ളവരുടെ നിരീക്ഷണം 28 ദിവസം വരെ നീണ്ടേക്കാം. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവരുമായി സന്പർക്കം പുലർത്തിയവർ രണ്ടാംഘട്ട പട്ടികയായി. ഇവരെയും നിരീക്ഷണത്തിലാക്കി. സമീപദിവസങ്ങളിൽ വിദേശത്തുനിന്നെത്തിയ അറുപതോളം പേരെ നിരീക്ഷണത്തിലാക്കി.
റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക സജ്ജീകരണങ്ങളേർപ്പെടുത്തി. ഓരോ ദിവസവും നിരീക്ഷണത്തിലാക്കേണ്ടവരുടെ പട്ടികയിൽ മാറ്റം വരുന്നുണ്ട്. ഇതോടൊപ്പം നിരീക്ഷണത്തിലായവരെ ഫോണിൽ വിളിച്ച് അവർ വീടുകളിൽ തന്നെ ഉണ്ടെന്ന് ഉറപ്പാക്കണം.
മെഡിക്കൽ ഓഫീസർ ഡോ.അബിത, ഡോ.എബിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ പൂർണസമയവും ഇത്തരം ജോലികളിൽ വ്യാപൃതരാണ്. കോവിഡ് 19 സ്ഥിരീകരിച്ച എട്ടിന് ആരംഭിച്ച ജോലി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.
വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കണം. ഇതിൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ തുടങ്ങിയവ എല്ലാം ഉൾപ്പെടും. സാധനങ്ങൾ എത്തിച്ചു നൽകുന്പോൾ അധികംപേരും പണം നൽകാറുണ്ട്.
വരുമാനം നിലച്ച പല കുടുംബങ്ങൾക്കും സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് സഹായം നൽകുന്നത്. ഗ്രാമപഞ്ചായത്തംഗം ബോബി ഏബ്രഹാമിന്റെ സജീവമായ ഇടപെടൽ ഈ വിഷയങ്ങളിലെല്ലാം ഉണ്ട്. പ്രദേശത്തെ എല്ലാവീടുകളുമായും മെംബർക്കുള്ള ബന്ധം ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ സഹായകമാകുന്നുണ്ട്.