തിരുവനന്തപുരം: കൊറോണ ഭീതിയിൽ ആർസിസിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആർസിസിയിൽ എത്തുന്ന തീരെ അവശരായ രോഗികൾക്കു മാത്രമേ ഇനി ഒന്നിൽ കൂടുതൽ സഹായികളെ അനുവദിക്കുകയുള്ളൂ.
എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ആറു വരെ ഉള്ള സന്ദർശനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ റദ്ദാക്കി. രോഗിയുടെ രജിസ്ട്രേഷൻ കാർഡോ വാർഡിൽ രോഗിയുടെ സഹായിക്കു നൽകുന്ന ബൈസ്റ്റാൻഡർ പാസോ ഉള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുള്ളൂ.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ രോഗിയെ അനുഗമിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒൗദ്യോഗിക കാര്യങ്ങൾക്കായി ആർസിസി സന്ദർശിക്കുന്നവർ, മെഡിക്കൽ റെപ്രസന്റേറ്റീവുകൾ തുടങ്ങിയവർ അക്കാര്യം അധികൃതരെ മുൻകൂട്ടി അറിയിച്ചു അനുമതി വാങ്ങണം.
കൊറോണ രോഗം നിർണയിക്കപ്പെട്ട സ്ഥലത്തു നിന്നും വരുന്നവർ പ്രത്യേക ജാഗ്രത പുലർത്തുകയും എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ വൈദ്യസഹായത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊറോണ ഒപിയുമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.
ആർസിസിയുടെ ആഭിമുഖ്യത്തിൽ മാർച്ചു മാസത്തിൽ നടക്കേണ്ടതായ കാൻസർ നിർണയ ക്യാന്പുകളും മാറ്റിവച്ചിട്ടുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്താനിരുന്ന വിവിധ പരിശീലന പരിപാടികൾ, കോണ്‍ഫറൻസുകൾ എന്നിവയും മാറ്റിവച്ചു.