
കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പോലീസിന് നിര്‍ബന്ധിത ഡ്യൂട്ടി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നതിനോടനുബന്ധിച്ചാണ് ശബരിമലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള സേനാംഗങ്ങളെ വിന്യസിപ്പിച്ചത്.
ദേവസ്വത്തിന്റെ സ്ഥിരം ജീവനക്കാരല്ലാതെ സ്പെഷല്‍ ഡ്യൂട്ടിക്ക് ആരേയും നിയോഗിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ കൊറോണ പശ്ചാത്തലത്തിലും പതിവ് പോലെ പത്തനംതിട്ട ജില്ലയ്ക്ക് പുറമെനിന്നും ഡ്യൂട്ടിക്കായി പോലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.
അതീവ ജാഗ്രത പുലര്‍ത്തുന്ന വേളയിലും കൊറോണ ബാധിതമല്ലാത്തിടത്ത് നിന്ന് പോലീസിനെ വിന്യസിപ്പിച്ചതിനെതിരേ സേനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സാധാരണയായി ശബരിമല ഡ്യൂട്ടിയ്ക്കായി വിവിധ ജില്ലകളില്‍ നിന്നുള്ള പോലീസുകാരെ വിന്യസിപ്പിക്കാറുണ്ട്.
ലോക്കല്‍ പോലീസിന് പുറമേ സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നും ബോംബ് സ്ക്വാഡില്‍ നിന്നുമുള്ള പോലീസുകാരെയാണ് വിന്യസിപ്പിക്കാറുളളത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരോട് സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.
ശബരിമലയില്‍ വിശേഷാല്‍ വഴിപാടുകള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ ഒഴിവാക്കുന്നതിന്റെയും പ്രതിരോധപ്രവര്ത്തനത്തിന്റെയും ഭാഗമായി അപ്പം, അരവണ എന്നിവയുടെ കൗണ്ടറുകളും താമസിക്കുന്നതിനുള്ള മുറികളും സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളും അടച്ചിരിക്കുകയാണ്.
ഇപ്രകാരം ശബരിമലയില്‍ പൂര്‍ണ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ശബരിമല നടതുറക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് പോലീസിന്റെ പൊതു വിലയിരുത്തല്‍.
തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ എണ്ണം കണക്കിലെടുത്താണ് ശബരിമലയിലും മറ്റു ഇടത്താവളങ്ങളിലും പോലീസിനെയും ബോംബ് സ്ക്വാഡിനേയും വിന്യസിപ്പിക്കാറുള്ളത്. നിലവില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും എത്തുന്ന വിരളമായ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ പത്തനംതിട്ടയിലെ പോലീസുകാര്‍ തന്നെ ധാരാളമാണ്.
എന്നിട്ടും മറ്റു ജില്ലകളില്‍ നിന്നുള്ളവരെ വിന്യസിപ്പിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് പോലും അറിഞ്ഞിട്ടില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. നേരത്തെ തയാറാക്കിയ പട്ടിക പ്രകാരം തന്നെ പോലീസിനെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആഭ്യന്തരവകുപ്പിലെ ഒരു വിഭാഗമാണെന്നാണ് ഉയരുന്ന ആരോപണം.
നടതുറക്കുന്നതിന് മുന്നോടിയായി എറണാകുളം, തൃശൂര്‍, കോഴിക്കോട് റേഞ്ചുകളില്‍ നിന്നുള്ള ബോംബ് സ്ക്വാഡ് അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഇന്നലെ നിര്‍ദേശം വന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഡ്യൂട്ടിയ്ക്ക് ഇളവു നല്‍കുമെന്ന് കരുതിയെങ്കിലും അവസാനനിമിഷം വരെ തീരുമാനത്തില്‍ മാറ്റംവരുത്തിയില്ല.
ഇതോടെ സേനാംഗങ്ങള്‍ പത്തനംതിട്ടയിലേയ്ക്ക് പോവേണ്ട അവസ്ഥയിലായി. പത്തനംതിട്ട മേഖലയില്‍ ജോലിയ്ക്കായി പോവുന്നവരുടെ സുരക്ഷസംബന്ധിച്ചും പോലീസില്‍ ആശങ്കയുണ്ട്. കൂടുതല്‍ ആളുകളുമായി ഇടപഴകേണ്ട അവസ്ഥ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ഡ്യൂട്ടി വിന്യാസമെന്നാണ് പോലീസുകാര്‍ പറയുന്നത്.
ബോംബ് സ്ക്വാഡ് പോലുള്ള വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൂടുതല്‍ അടുത്തിടപഴകേണ്ട അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ ഡ്യൂട്ടിയെടുത്ത് വീണ്ടും കോഴിക്കോടെത്തുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയ്ക്കിടയുണ്ടെന്നും പോലീസുകാര്‍ പറയുന്നു.