സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 ബോധവത്കരണപരിപാടികൾ വ്യാപിക്കുന്പോൾ ടൂറിന് പോകുന്നവരേയും രോഗബാധയുള്ളിടത്തു നിന്നെത്തിയവരെയും ബോധവത്കരിക്കാനൊരു ഹ്രസ്വചിത്രം വേറിട്ടതായി.
കോണ്ടസ എന്ന സിനിമയുടെ സംവിധായകനും നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനും ഫോട്ടോഗ്രാഫറുമായ സുദീപ് ഈയെസാണ് ഏതാനും മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ഒരുക്കിയത്. “ഭയമല്ല ജാഗ്രതയാണ് വേണ്ടത്’ എന്നാണ് ചിത്രത്തിന്റെപേര്.
കോവിഡ് 19 രോഗം പടരുന്പോൾ രോഗബാധയുള്ള സ്ഥലങ്ങളിൽ യാത്രനടത്തി തിരിച്ചെത്തിയവരും ദൂരയാത്ര കഴിഞ്ഞെത്തിയവരും കോവിഡ് കണ്ട്രോൾ റൂമിൽ അറിയിച്ച് പരിശോധനയ്ക്ക് വിധേയമാകണമെന്ന സന്ദേശമാണ് ഏതാനും ചില ഷോട്ടുകളിലൂടെ സുദീപും കൂട്ടരും പങ്കുവെക്കുന്നത്.
കോവിഡ് പടരുന്പോൾ വിനോദയാത്രകൾ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾക്ക് പുല്ലുവിലകൽപ്പിച്ച് ഉൗരു ചുറ്റുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാകുന്നുണ്ട് ചിത്രം.
സ്വന്തം കൂട്ടത്തിലൊരാൾക്ക് അസുഖം വരുന്പോൾ മാത്രമാണ് ഒപ്പം യാത്ര ചെയ്തവർക്ക് ഭയം ബാധിക്കുന്നത്. പേടിയല്ല ജാഗ്രതയാണ് വേണ്ടതെന്ന ആശയം തന്നെയാണ് മുന്നോട്ടുവെക്കുന്നത്. കോവിഡ് ബോധവത്കരണത്തിൽ പ്രധാനപ്പെട്ട സന്ദേശമാണ് ഈ ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത്.
സിബിൻ ശിവദാസ്, ബൈജു വാസു, വിനോദ് എം രവി, പി.കെ.ഷീജ, യദുകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചത്. സ്റ്റുഡിയോ ഐവിഷൻ ഗ്രൂപ്പാണ് പാട്ടുരായ്ക്കൽ ഗീതാസ് ഡിജിറ്റൽ സ്റ്റുഡിയോവിനകത്ത് വച്ച് ഈ ചിത്രം ഒരുക്കിയത്.
ഒൗട്ട് ഡോർ യാത്രകളും ഷൂട്ടും ഒഴിവാക്കി പൂർണമായും സ്റ്റുഡിയോയുടെ അകത്തുവെച്ചാണ് ചിത്രം ഒരുക്കിയതെന്ന് സുദീപ് ഈയെസ് പറഞ്ഞു. കോവിഡിന്റെ കാലത്ത് പുറത്തുപോകാതെ എങ്ങിനെ ജനങ്ങളെ ബോധവത്കരിക്കാമെന്നതായിരുന്നു ലക്ഷ്യം.
ചിത്രീകരണവും ഡബ്ബിംഗും എല്ലാം സ്റ്റുഡിയോക്കുള്ളിൽ വെച്ചുതന്നെ ചെയ്തു. യൂ ട്യൂബിൽ പോസ്റ്റു ചെയ്ത ചിത്രത്തിന് സിനിമാതാരങ്ങളടക്കമുള്ളവരുടെ അഭിനന്ദനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.