തിരുവനന്തപുരം: വ്യാജ വാർത്തകളുടെ കാര്യത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം തടയാൻ പോലീസ് ഇടപെടൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ പേരിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് രോഗികളുമായി സന്പർക്കം പുലർത്തിയവർ കഴിക്കേണ്ട ഗുളിക എന്ന നിലയിൽ ഒരു ശബ്ദ സന്ദേശം ഡോക്ടറുടേത് എന്ന രീതിയിൽ പ്രചരിക്കുന്നു. കോവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ മൊബൈൽ ആപ്പുകൾ ഉണ്ടാകുന്നു.
കാസർകോട് അതിർത്തി തുറന്നു എന്ന് ഒരു മാധ്യമം വാർത്ത നൽകി. അതിന്റെ പേരിൽ നിരവധി ആളുകൾ തെറ്റിദ്ധരിക്കപ്പെട്ട് അതിർത്തിയിലെത്തി. ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങൾ ഒൗചിത്യപൂർണമായ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കാസർഗോട്ട് ചില മാധ്യമപ്രവർത്തകർക്ക് രോഗസാധ്യതയുണ്ടോ എന്നാശങ്കയുണ്ട്. രണ്ടു മാധ്യമ പ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചതായിട്ടാണ് അവിടെനിന്നുള്ള വിവരം.
ആ മാധ്യമപ്രവർത്തകരും അവരുമായി ബന്ധപ്പെട്ട മറ്റു മാധ്യമ സുഹൃത്തുക്കളും സാങ്കേതിക പ്രവർത്തകരും ശ്രദ്ധിച്ച് കാര്യങ്ങൾ നീക്കേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.