തിരുവനന്തപുരം: സ്പെയിനിൽ പഠന കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഡോക്ടർ സേവനമനുഷ്ഠിച്ച ആശുപത്രിയിലെ ഡോക്ടർമാരെയും നിരീക്ഷണത്തിലാക്കി.
ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമാണ് ഈ തീരുമാനം. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കാണ് കോവിഡ് 19 ഇന്നലെ സ്ഥിരീകരിച്ചത്. മാർച്ച് രണ്ടിന് സ്പെയിനിൽ നിന്നു മടങ്ങിയെത്തിയ ഇദ്ദേഹം അടുത്ത ദിവസം മുതൽ രോഗികളെ പരിശോധിച്ച് തുടങ്ങിയിരുന്നു.
മാർച്ച് എട്ടിനാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ഇന്നലെയാണ് സ്ഥിരീകരണം ലഭിച്ചു.
ശ്രീചിത്രയിലെ ആറ് വിഭാഗങ്ങളിലെ ഡോക്ടർമാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നു മടങ്ങിയെത്തുന്നവരെ വിശദ പരിശോധനയും നിരീക്ഷണവും നടത്തണമെന്ന് കേന്ദ്രസർക്കാർ സർക്കുലർ ഇറക്കിയിരുന്നു.
എന്നാൽ ഈ സർക്കുലറിൽ സ്പെയിൻ എന്ന രാജ്യം ഇല്ലായിരുന്നു.
അതിനാലാണ് ഡോക്ടറെ നേരത്തെ നിരീക്ഷണത്തിലാക്കാതിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കൊറോണ സ്ഥീരികരിച്ച ഡോക്ടർ നിരവധി രോഗികളെ ആശുപത്രിയിൽ നേരത്തെ പരിശോധിച്ചിരുന്നു. ഇദ്ദേഹം പരിശോധിച്ച രോഗികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.