തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി, വിവിധ സർവകലാശാല പരീക്ഷകൾ തുടങ്ങിയവയാണ് മാറ്റിവയ്ക്കുന്നത്.
ഇന്നത്തെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ഉപേക്ഷിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
നേരത്തെ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചിരുന്നു. സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കാൻ യുജിസി നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കേന്ദ്ര സർക്കാർ നിർദ്ദേശം മാനിച്ച് രാജ്യം മുഴുവൻ പരീക്ഷകൾ മാറ്റുമ്പോൾ കേരളം സഹകരിക്കാതിരുന്നാൽ തെറ്റായ സന്ദേശമാകുമെന്ന് ഉന്നതതലയോഗം വിലയിരുത്തി.
മാത്രമല്ല, പല സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി വിദ്യാർഥികൾ എത്തുമ്പോൾ കൂട്ടം കൂടുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം.