തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി ആരോഗ്യവകുപ്പ്. ഇതുവരെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24 പേരാണ്. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
നിലവിൽ ചികിത്സയിൽ കഴിയുന്നത് 21 പേരാണ്. രോഗബാധ കൂടുതൽ പേരിലേക്ക് എത്താതിരിക്കാൻ രോഗബാധിതർ സന്പർക്കം പുലർത്തിയ പ്രദേശത്തെ ജനങ്ങളെ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയുമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10944 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 10655 പേർ വീടുകളിലും 289 പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്.
രോഗലക്ഷണങ്ങൾ ഉള്ള 2147 പേരുടെ സാംപിളുകൾ വിവിധ പരിശോധനകൾക്കായി ലാബുകളിൽ അയച്ച് അതിന്റെ ഫലം കാത്തിരിക്കുകയാണ് ഡോക്ടർമാരുടെ സംഘം. തിരുവനന്തപുരം ജില്ലയിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ മലയാളി യുവാക്കളും വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റാലിയൻ പൗരൻ, സ്പെയിനിൽ നിന്നും പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്.
ഇവർ സന്പർക്കം പുലർത്തിയിരുന്ന വ്യക്തികളെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം നിരീക്ഷിക്കുകയാണ്.