തമിഴ്നാട്ടിലെ കോയന്പത്തൂരിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ക്ഷേത്രം ചർച്ചയാവാനുള്ള കാരണം.
കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ ‘കൊറോണ ദേവി’ എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറഞ്ഞു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.
ഗ്രാനൈറ്റിലാണ് വിഗ്രഹം തയാറാക്കിയിരിക്കുന്നത്. പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച് 48 ദിവസത്തെ പ്രത്യേക പ്രാർത്ഥനകളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്.
മഹാ യാഗം നടക്കുന്ന സമയത്ത് പ്രാർത്ഥനകൾ നടത്താൻ ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുവാദമില്ല.
കൊറോണ വൈറസ് പടരുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ ലോക്ക്ഡൗൺ ശക്തമാക്കിയിരുന്നു.