ഗാന്ധിനഗർ: കൊറോണ വൈറസ് ബാധയുടെ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിച്ചത് അതിവേഗത്തിൽ രോഗ നിർണയം നടത്തി ജനങ്ങൾക്കുണ്ടായിരിക്കുന്ന ആശങ്ക അകറ്റുവാൻ സാധിക്കുന്നു.
കേരളത്തിൽ നിപ്പ, എച്ച് വണ്‍ എൻ വണ്‍ എന്നീ വൈറസ് രോഗങ്ങൾ ഉണ്ടായപ്പോഴൊക്കെ രക്തസാന്പിൾ പരിശോധന നടത്തിയിരുന്നത പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരിന്നു. ചില സന്ദർഭങ്ങളിൽ രക്തതസാന്പിൾ എത്തിക്കുവാനും പരിശോധന ഫലങ്ങൾ ലഭിക്കുന്നത് വൈകുന്നതും രോഗികളെ ചികിത്സിക്കുന്നതിനു താമസം നേരിടുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
ഇതിനു പരിഹാരമായി കേരളത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. കെട്ടിട നിർമാണ മടക്കമുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാൻ താമസം നേരിട്ടു. ഇത്തവണ കൊറോണ വൈറസ് രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടി.
കഴിഞ്ഞ ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിക്കുകയും രണ്ടിനു മുതൽ സാന്പിളുകൾ പരിശോധിക്കുവാനും തുടങ്ങി. കഴിഞ്ഞദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സാന്പിൾ പൂനയിലാണു പരിശോധിച്ചത്.
ഇനി മുതൽ കേരളത്തിൽ എവിടെ കൊറോണയോ മറ്റു വിധത്തിലുള്ള വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി രക്തസാന്പിൾ പരിശോധിക്കാം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികൾക്ക് വളരെ ആശ്വാസകരമാണ് ആരോഗ്യ വകുപ്പിന്റെ ഈ നടപടി.