ഹൂസ്റ്റൺ: കോവിഡ്-19 കണ്ടെത്താനുള്ള ലളിതമായ ഉമിനീർ പരിശോധനയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ഉമിനീർ ഉപയോഗിച്ചുള്ള നാലു പരിശോധനകൾക്കു നേരത്തേ യുഎസ് അംഗീകാരം നൽകിയിരുന്നു.
എന്നാലിവ പ്രതീക്ഷിച്ചത്ര ഫലം നല്കിയില്ല. കോവിഡ് പരിശോധനയെക്കുറിച്ച് വ്യാപകമായി സംശയമുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
യുഎസിലെ വിവിധ ലബോറട്ടറികളിൽ പരിശോധന ലഭ്യമാകുമെന്ന് ഗവേഷകർ പറഞ്ഞു. സമയവും ചെലവും കുറയ്ക്കുന്നതാണ് പുതിയ പരിശോധനയെന്ന് യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസറായ അന്നെ വൈലി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ ആളുകൾക്കിടയിൽ വേഗത്തിൽ രോഗബാധ കണ്ടെത്താൻ സഹായിക്കുന്ന ഈ പരിശോധന കൃത്യത വർധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും അഡ്മിനിസ്ട്രേഷൻ കമ്മിഷണർ സ്റ്റീഫൻ ഹാൻ പറഞ്ഞു.