ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
രാജ്യത്ത് ലോക്ഡൗണിന് ശേഷം അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ജനങ്ങൾ ഒന്നും പഠിച്ചതായി കാണുന്നില്ലെന്നു എയിംസ് മേധാവി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആറു മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും. അല്ലെങ്കിൽ കുറച്ച് നീളാം. എങ്ങനെയായാലും കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ല.
ആളുകളുടെ കൂട്ടംചേരലുകളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്കെന്നും എയിംസ് മേധാവി മുന്നറിയിപ്പ് നൽകി.
കോവിഡ്: ടിപിആർ ഇന്നും അഞ്ച് ശതമാനത്തിൽ താഴെ
ന്യൂഡൽഹി: രാജ്യത്ത് ഇന്നും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പുതിയകോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 3.58 ശതമാനമാണ്.
കഴിഞ്ഞ 12 ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. ഇത് ആശ്വാസകരമായ കാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,647 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയി.രോഗമുക്തി നിരക്ക് 96,16 ശതമാനമായി ഉയർന്നു. 97,743 പേർ കോവിഡ് മോചിതരായി.
നിലവിൽ രാജ്യത്ത് 7,60,019 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്.
പ്രതിദിന രോഗികൾ കുറയുന്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എയിംസ് മേധാവി നൽകുന്നത്.