തൃശൂർ: രോഗ ഭീഷണിയെ നേരിടാൻ അർധരാത്രി മണിക്കൂറുകൾ നീണ്ട ചർച്ച. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പുലർച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്.
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലായിരുന്നു യോഗം. നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയെ ഇന്നു രാവിലെയോടെയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചൈനയിലെ വുഹാനിലുള്ള മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ രോഗി ഇക്കഴിഞ്ഞ 27 നാണു തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയത്. വുഹാനിൽനിന്നു മടങ്ങിയെത്തിയ രോഗലക്ഷണങ്ങളുള്ള മൂന്നു പേർ ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രോഗമുണ്ടെന്നു സംശയമുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതർ വളരെ കരുതലോടെയാണ് രോഗിയെ കൈകാര്യം ചെയ്തിരുന്നത്. കേരളത്തിൽ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ്.