സ്വന്തം ലേഖകന്‍
തൃശൂര്‍: പോസിറ്റീവ് കേസുകളില്ലാതെ തൃശൂര്‍ ആശ്വാസത്തിന്റെ ആറാം നാളിലേക്ക് കടക്കുമ്പോള്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് വിടുതല്‍ കിട്ടി വീടുകളിലേക്ക് മടങ്ങുന്നത്.
വീടുകളില്‍ 14,996 പേരും ആശുപത്രികളില്‍ 37 പേരും ഉള്‍പ്പെടെ ആകെ 15,033 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 340 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.
നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് 28 പേരെയാണ്. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരെ വിടുതല്‍ ചെയ്തു.
ഇന്നലെ 19 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.
28 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 187 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇന്നലെ 202 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. ഇന്നലെ 3,040 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുള്ളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1,842 പേരെയും മത്സ്യചന്തയില്‍ 650 പേരെയും ശക്തന് ബസ് സ്റ്റാന്‍ഡിലെ പഴം മാര്‍ക്കറ്റില്‍ 284 പേരെയും സ്ക്രീന്‍ ചെയ്തു.