സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇവരുടെ സ്രവത്തിന്റെ പുതിയ സാന്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 15 പേർ ആശുപത്രിയിലും 110 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേർക്കാണ് രോഗലക്ഷണങ്ങൾ ഉളളത്. അഞ്ചു പേരെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. പോസിറ്റീവ് ആയ കുട്ടിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്.
എല്ലാം ക്ലിയർ ആയാൽ മാത്രം
ആശുപത്രി വിടാം
കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വൈറസ് ബാധമൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും പൂർണമായി മാറിയാൽ മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അനുവദിക്കൂ.
പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നീ അസുഖങ്ങളെല്ലാം പൂർണമായും മാറിയാൽ മാത്രമേ ഡിസ്ചാർജ് നടപടികളുണ്ടാകൂ. കൂടാതെ ഒന്നിടവിട്ട ദിവസങ്ങളിൽ എടുക്കുന്ന സ്രവത്തിന്റെ സാന്പിളുകളിൽ രണ്ടു നെഗറ്റീവ് റിസൾട്ടുകൾ വന്നാൽ മാത്രമേ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയുള്ളു.
തൃശൂരിലെ കേസ് ചൈനയെ അറിയിച്ചു
തൃശൂരിൽ കൊറോണ രോഗം ഒരാൾക്ക് സ്ഥിരീകരിച്ച വിവരം രോഗത്തിന്റെ പ്രധാന ഉറവിട കേന്ദ്രമായ ചൈനയെ അറിയിച്ചു. സംസ്ഥാന സർക്കാർ രോഗസ്ഥിരീകരണ വിവരം കേന്ദ്രസർക്കാരിനേയും കേന്ദ്രം അന്താരാഷ്ട്ര ഏജൻസികളേയും വിവരമറിയിക്കുകയാണ് ചെയ്യുക.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊറോണ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനാൽ രോഗം സ്ഥിരീകരിച്ച വിവരം അതാത് രാജ്യങ്ങൾ ഡബ്ല്യു.എച്ച്.ഒയെ അറിയിക്കണം.
എല്ലാ പനിയും കൊറോണയല്ല, പനിബാധിതർ ആശങ്കപ്പെടേണ്ട…..
പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസവുമൊക്കെയാണ് കൊറോണയുടെ ലക്ഷണങ്ങൾ എന്നുള്ളതിനാൽ സംസ്ഥാനത്തെ പനിബാധിതരെല്ലാം ആശങ്കയിലാണ്.
എന്നാൽ എല്ലാ പനിയും കൊറോണയല്ലെന്നും ചൈനയിൽ നിന്നും എത്തിയവരിലും അവർ സന്പർക്കം പുലർത്തിയവരിലും മാത്രമാണ് ഇപ്പോൾ കൊറോണ വൈറസ് സംശയലക്ഷണങ്ങളുള്ളതും നിരീക്ഷണമുള്ളതെന്നും പുറത്ത് രോഗം പടർന്നിട്ടില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
എങ്കിലും പനി ബാധിച്ചവർ കണ്ട്രോൾ റൂമുകളിലും ആശുപത്രികളിലും വിളിച്ച് സംശയനിവാരണം നടത്തുന്നത് തുടരുന്നുണ്ട്. ഒരു കണക്കിന് ഇത് നല്ലതാണെന്നും സ്വയം ചികിത്സക്ക് നിൽക്കാതെ ആളുകൾ ആശുപത്രികളിലെത്തുന്നത് ഗുണകരമാണെന്നും ഡോക്ടർമാർ പറയുന്നു.
ഇന്നലെ ചികിത്സ തേടിയത് 8202 പേർ
തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സാധാരണ പനി നിസാരമായി കാണാതെ ആശുപത്രികളിലെത്തുന്നവർ കൂടുന്നു. ഇന്നലെ കേരളത്തിൽ 8202 പേരാണ് പനിക്ക് ചികിത്സ തേടി എത്തിയത്. ഇതിൽ 163 പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
മലപ്പുറത്താണ് ഇന്നലെ കൂടുതൽ പനിബാധിതരുണ്ടായത്. 1388 പേരാണ് ഇന്നലെ പനിക്ക് മലപ്പുറത്ത് ചികിത്സ തേടിയത്. 904 പേർ കോഴിക്കോടും 820 പേർ പാലക്കാടും 814 പേർ കണ്ണൂരും ചികിത്സ തേടിയെത്തി. കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിൽ 378 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇടുക്കിയിലായിരുന്നു പനി ബാധിതർ കുറവ് 199 പേർ മാത്രം.