തൃശൂർ: ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് (കൊറോണ) കേസുകൾ വ്യാപകമായതോടെ ഇന്ത്യയിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച തൃശൂരിൽ ആരോഗ്യവകുപ്പ് ജാഗ്രതയും നീരീക്ഷണവും കൂടുതൽ ശക്തമാക്കി.
ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും കൊവിഡ് ഐസൊലേഷൻ വാർഡുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കി. ഗൾഫിൽ നിന്നും മറ്റും മടങ്ങിയെത്തിയ ചിലർ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുണ്ട്.
ഇവരുടെ സ്രവങ്ങളും മറ്റും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വരുന്നതുവരെ ഇവരുടെ നിരീക്ഷണം തുടരും. സൗദിയിലും മറ്റും കൊവിഡ് വ്യാപിച്ചതോടെ ഗൾഫിൽ നിന്നും മടങ്ങിയെത്തുന്നവർ സ്വമേധയാ ആശുപത്രികളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.
ഒപികളിൽ പനിയും മറ്റുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ യാത്ര ചെയ്തിരുന്നോ എന്നും വിദേശത്തു നിന്നും വന്നതാണോ എന്നും മറ്റും ചോദിച്ചറിയുന്നുണ്ട്. നിരീക്ഷണവും ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാണെന്നതിനാൽ ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.