തൃശൂർ: കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയവരിൽ തൃശൂരിൽ നിന്നുള്ള 17 പേരെ തിരിച്ചറിഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളിലുള്ള ഇവർ നിരീക്ഷണത്തിലാണ്. രണ്ടു പേർ ആശുപത്രിയിലും മറ്റുളളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 256 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്.
കോവിഡ് 19 ബാധിത പ്രദേശങ്ങളിൽനിന്ന് എത്തിയവർ നിർബന്ധമായും വീടുകളിൽ കഴിയേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുളള ഹെൽപ് ഡസ്കിൽ വിവരം അറിയിക്കാതെ ആരും നാട്ടിലേക്ക് മടങ്ങരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ കണ്ട്രോൾ റൂം നന്പറുകളിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം. കണ്ട്രോൾ റൂം നന്പറുകൾ: 0487-2320466, 9400408120, 9400410720,1 056, 0471-2552056 (ദിശ).