സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി ഖത്തറിൽ നിന്നും നാട്ടിലെത്തി ഇടപഴകിയത് രണ്ടായിരത്തോളം പേരോട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച ശേഷം രോഗിയുമായി വിശദമായ കൂടിക്കാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയപ്പോഴാണ് വിവിധയിടങ്ങളിൽ സന്ദർശനം നടത്തി രണ്ടായിരത്തോളം പേരുമായി സന്പർക്കം പുലർത്തിയിരുന്നുവെന്ന് വ്യക്തമായത്.
ഉടൻ തന്നെ കിട്ടാവുന്ന നന്പറുകളെല്ലാം ശേഖരിച്ച് ഇന്നലെ പാതിരാത്രിവരെയിരുന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇവരെയെല്ലാം ബന്ധപ്പെട്ടു. ഇന്നു രാവിലെ മുതൽ വീണ്ടും സന്പർക്കവിധേയരായവരെ തേടി അന്വേഷണം ആരംഭിച്ചു.
രോഗിയുമായി സന്പർക്കത്തിലേർപ്പെട്ടവർ ആരും തന്നെ ആശുപത്രികളിലേക്കോ ആരോഗ്യവകുപ്പ് ഓഫീസിലേക്കോ വരേണ്ടതില്ലെന്നും ഫോണ് വഴി മാത്രം ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടാൽ മതിയെന്നും എല്ലാ സേവനങ്ങളും വീട്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
രോഗി നാട്ടിലെത്തി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ തയാറാകും. ഇന്നലെ മുതൽ റൂട്ട് മാപ്പ് തയാറാക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു.