സ്വന്തം ലേഖകൻ
തൃശൂർ: അടച്ചിട്ട തൃശൂർ നഗരത്തിൽ നിരോധനാജ്ഞ. കടകൾ തുറന്നില്ല. ശക്തൻ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളും യാത്രക്കാരും വളരെ കുറവ്. നഗരത്തിൽ കനത്ത സുരക്ഷ. സർക്കാർ ഓഫീസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കോർപറേഷൻ ആരോഗ്യ വകുപ്പിലെ ക്ലർക്കായ മാള സ്വദേശിനിക്കു രോഗബാധ സ്ഥിരീകരിച്ചതോടെ കോർപറേഷനിൽ രോഗബാധിതരായവരുടെ എണ്ണം എട്ടായി. ആറു പേരും ആരോഗ്യ വകുപ്പിനു കീഴിലുള്ളവർ. നാലുപേർ ശുചീകരണ തൊഴിലാളികളാണ്.
കഴിഞ്ഞ 15 നു മന്ത്രി വി.എസ്. സുനിൽകുമാറും മേയർ അജിത ജയരാജനുമടക്കം 18 പേർ പങ്കെടുത്ത യോഗത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ക്ലർക്കും പങ്കെടുത്തിരുന്നു.
ഏതാനും ദിവസംമുന്പ് രോഗം സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ശുചീകരണ സൂപ്രണ്ടും ഇതേ യോഗത്തിൽ പങ്കെടുത്തിരുന്നു. ആരോഗ്യ വകുപ്പു സൂപ്രണ്ടിന്റെ ഓഫീസിൽ തൊട്ടരികിൽ ഇരിക്കുന്ന ക്ലർക്കിനു സൂപ്രണ്ടിൽനിന്നാണു രോഗം പകർന്നത്.
15നു നടന്ന യോഗത്തിൽ പങ്കെടുത്ത മന്ത്രി, മേയർ തുടങ്ങിയവർ ക്വാറന്റൈനിലാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ശുചീകരണ തൊഴിലാളിയായ ഡ്രൈവറിൽനിന്ന് രോഗം പകർന്ന കുടുംബശ്രീ മെന്പർ സെക്രട്ടറിയിൽനിന്നാണ് പ്ലാനിംഗ് വിഭാഗം സൂപ്രണ്ടിനും ആരോഗ്യ വിഭാഗം സൂപ്രണ്ടിനും രോഗം പകർന്നത്.
സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടെന്ന വിവരം റിപ്പോർട്ടു ചെയ്തിട്ടും പലരും ക്വാറന്റൈനിൽ പോയില്ല. കോവിഡ് പരിശോധനയ്ക്കു സ്രവം നൽകിയിട്ടും കോർപറേഷൻ ഓഫീസിൽ ഹാജരുണ്ടായിരുന്നു. ക്വാറന്റൈനിൽ പോകണമെന്ന നിർദേശം പാലിക്കാതെയാണ് ആരോഗ്യ വകുപ്പു സൂപ്രണ്ട് ജോലിയിൽ തുടർന്നത്.
കഴിഞ്ഞ 12 ന് കോർപറേഷൻ സെക്രട്ടറി പുറത്തിറക്കിയ 34 പേരുടെ പട്ടികയിൽ ആരോഗ്യ വകുപ്പു സൂപ്രണ്ടിന്റെ പേരും ഉണ്ടായിരുന്നു.
കോർപറേഷന്റെ കുട്ടനെല്ലൂരിലും നഗരമധ്യത്തിലുമുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നാണ് കോർപറേഷന്റെ നാലു ശുചീകരണ തൊഴിലാളികൾക്കു രോഗം ബാധിച്ചത്.
ഇവരിൽ ഡ്രൈവറായികൂടി ജോലി ചെയ്യുന്നയാളുടെ സന്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന കുടുംബശ്രീ സെക്രട്ടറിയും അവരിൽനിന്നു രോഗം പകർന്ന് സന്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യ സൂപ്രണ്ടും ചട്ടം പാലിക്കാതെ കോർപറേഷൻ ഓഫീസിൽ പലയിടത്തായി ഓടി നടന്നിരുന്നു.
കോർപറേഷൻ സെക്രട്ടറി പ്രസിദ്ധീകരിച്ച സന്പർക്ക പട്ടികയിലെ 21- ാമത്തെയാളായിരുന്നു ആരോഗ്യ വകുപ്പ് സൂപ്രണ്ട്. സൂപ്രണ്ടിനു ഇക്കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെയാണ് ക്ലർക്ക് ക്വാറന്റൈനിലായത്. എട്ടാമത്തെയാൾക്കുകൂടി രോഗം ബാധിച്ചതോടെ കോർപറേഷൻ ആരോഗ്യ വകുപ്പ് കൂടുതൽ സമ്മർദത്തിലായി.