തൃശൂർ: രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ സന്പൂർണ അടച്ചിടൽ വേണമെന്ന് ടി.എൻ. പ്രതാപൻ എംപി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചേക്കും.
എന്നാൽ ഭീതിജനകമായ അന്തരീക്ഷം ഇല്ലെന്നും ഉച്ചയ്ക്കുശേഷം വിദഗ്ധർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കഴിഞ്ഞ ദിവസം സന്പർക്കത്തിലൂടെ 14 പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്.
ശുചീകരണ തൊഴിലാളികൾ, വെയർഹൗസിലെ തൊഴിലാളികൾ തുടങ്ങിയവർക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അവരുടെ പ്രവർത്തന മേഖലയെല്ലാം അടച്ചിട്ടുണ്ട്.
ജില്ലയിൽ അതിവേഗമാണു രോഗവ്യാപനം ഉണ്ടാകുന്നതെന്നും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫീസും കുരിയച്ചിറയിലെ വെയർഹൗസും അടച്ചിട്ടു.
തൃശൂർ നഗരത്തിലെ പത്തിലേറെ ഡിവിഷനുകളും ജില്ലയിലെ നിരവധി മേഖലകളും അടച്ചിടേണ്ടിവന്നു. അടുത്ത ദിവസങ്ങളിലായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പേർ എത്താനിരിക്കേ അതിവേഗത്തിൽ രോഗവ്യാപനം ഉണ്ടാകുമെന്ന ഭീതിയിലാണ് തൃശൂർ ജില്ല.
വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും ജനപ്രതിനിധി എന്ന നിലയിൽ തന്റെ അഭിപ്രായം ഉൾക്കൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു മന്ത്രി എ.സി. മൊയ്തീനും പ്രതികരിച്ചു.