തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമുൾപ്പെടെ നിരോധിച്ചു. മരുന്ന് കടകൾ മാത്രമാണ് പ്രവർത്തിക്കുക. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സന്പർക്കത്തിലൂടെയുള്ള രോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്.
അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടച്ചു.
പൊതുഗതാഗതത്തിനും സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. അതേസമയം, ആശുപത്രികൾ എല്ലാം പ്രവർത്തിക്കുമെന്നും മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും. പെട്രോൾ പന്പുകളും ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെന്ററുകളും പ്രവർത്തിക്കും. മാധ്യമ പ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാനും അനുമതി ഉണ്ട്.