ലണ്ടൻ: ഒരു ഡോക്ടർ ദമ്പതികൾക്കും അവരുടെ കുട്ടിയുമുൾപ്പടെ പത്തോളംമലയാളികൾക്ക് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു .
ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം പതിനെട്ടായി ഉയർന്നു , ബ്രിട്ടനിലെ ആശുപത്രികളിലും കെയർ ഹോമുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന ഡോക്ടർമാർ , നഴ്സ് മാർ ഉൾപ്പടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് മലയാളി സമൂഹത്തിൽ കൂടുത ആശങ്ക ക്കിടയാക്കിയിട്ടുണ്ട്.
കോവിഡ് 19 വ്യാപനം ബ്രിട്ടനിൽ അനുനിമിഷം അനിയന്ത്രിതമായി വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അടിയന്തിരാവസ്ഥക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .
ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിനോ , ജോലിക്കു പോകുവാനോ, തിരികെ വരുവാനോ , മരുന്നുകളും മറ്റും വാങ്ങുന്നതിനോ അല്ലാതെ മറ്റു കാര്യങ്ങൾക്കായി ആരും വീട് വിട്ടു പുറത്തു പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത് .
ദിവസത്തിൽ ഒരു തവണ ഓടുകയോ , നടക്കുകയോ പോലുള്ള ഏതെങ്കിലും വ്യായാമം ചെയ്യുന്നതിനായി പുറത്തിറങ്ങുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.
ആളുകൾ , വീടുകളിൽ തന്നെ കഴിയണം , സുഹൃത്തുക്കളെയോ ,ബന്ധുക്കളെയോ സന്ദര്ശിക്കുവാനോ ആരും ശ്രമിക്കരുത് ,ആരെയും വീടുകളിലേക്ക് സന്ദർശനത്തിനും അനുവദിക്കരുത് , രണ്ടോ അധിലധികമോ ആളുകൾ ഒന്ന് ചേർന്ന് പൊതു നിരത്തുകളിലോ , പൊതു സ്ഥലങ്ങളിലൊ കൂട്ടം ചേരുവാനോ സഞ്ചരിക്കുവാനോ പാടില്ല .
ലൈബ്രറികളും ,ആരാധനാലയങ്ങളും അടക്കണം . തീരെ അത്യാവശ്യമില്ലാത്ത സേവനങ്ങൾ നൽകുന്ന എല്ലാ കടകളും അടച്ചിടുവാനും മാമോദീസ , വിവാഹം , മറ്റു പൊതുപരിപാടികൾ എന്നിവയും ക്യാൻസൽ ചെയ്യണം , വരുന്ന മൂന്നാഴ്ചത്തേക്കാണ് തല്ക്കാലം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കു സ്പോട്ട് ഫൈൻ ഉൾപ്പടെ ചുമത്തുവാൻ പൊലീസിന് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട് .
എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും നിർത്തലാക്കിയിട്ടില്ല , ഇതും ജനം പാലിച്ചില്ല എങ്കിൽ രാജ്യം പൂർണ്ണമായും ലോക് ഡൌൺ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
എന്നാൽ ഈ പ്രഖ്യാപനങ്ങൾക്കുശേഷവും രാജ്യത്തിൻറെ പല ഭാഗത്തും പൊതു സ്ഥലങ്ങളിലും ,ബസുകളിലും , ലണ്ടൻ നഗരത്തിലെ അണ്ടർ ഗ്രൗണ്ട് ട്യൂബുകളിലും ഒക്കെ വലിയ തിരക്കായിരുന്നു അനുഭവപ്പെടുത്തിരുന്നത് ഏതൊക്കെ ജോലികൾ ആണ് അത്യാവശ്യ സർവീസുകളിൽ പെടുന്നതെന്നും , ഏതൊക്കെ ജോലികൾക്കായുള്ളവരാണ് പുറത്തിറങ്ങാൻ സാധിക്കാത്തതെന്നും വ്യക്തമാക്കാതിരുന്നതിനാൽ രാജ്യമെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട് ഇന്ന് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത് .
ഇത്രയധികം ആളുകൾക്ക് മരണം സംഭവിക്കുകയും , രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രാജ്യത്തെ എയർപോർട്ടുകൾ അടക്കാത്തതിനെതിരെയും കർശന വിമർശനമാണ് ഉയർന്നു വരുന്നത് .
വിദേശങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ടു ദിവസം കൂടി രാജ്യത്തെ എയർപോർട്ടുകളിൽ കൂടി ഇങ്ങോട്ടേക്ക് എത്താമെന്നും സർക്കാർ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സർക്കാർ അഭ്യർഥിച്ചു .
കൊറോണ വ്യാപകമായി ട്ടുള്ള നിരവധി രാജ്യങ്ങളിൽ താസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ യാതൊരു നിയന്ത്രണവുംഇല്ലാതെ എയർപോർട്ടുകളിൽ കൂടി ബ്രിട്ടനിൽ എത്തിയാൽ രോഗത്തിന്റെ വ്യാപനം കൂടുതൽ ശക്തമാവുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട് .
ഇതിനിടെ ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ചെയ്തത് പോലെ കൊറോണ രോഗ ബാധിതർക്കായി പ്രത്യേകം ആശുപത്രികൾ ഉണ്ടാക്കുവാനുള്ള നടപടികളും ബ്രിട്ടൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട് .
ലണ്ടനിലെ എക്സൽ കൺവെൻഷൻ സെന്റർ പോലെയുള്ള ബൃഹുത്തായ കൺവെൻഷൻ സെന്ററുകളും മറ്റും സ്പെഷ്യൽ കോവിഡ് ആശുപത്രിയാക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട് .
റിപ്പോര്ട്ട്: ഷൈമോൻ തോട്ടുങ്കൽ