ബെയ്ജിംഗ്: കൊറോണ വൈറസിനെതിരേയുള്ള വാക്സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യ പരീക്ഷണത്തില്‍ പ്രത്യാശ നൽകുന്ന ഫലം. 108 പേരിൽ ആഡ്5-എൻകോവ് വാക്സിൻ പരീക്ഷിച്ചു.
വാക്സിൻ സ്വീകരിച്ചവരിൽ ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റ്’ ലേഖനത്തിൽ അവകാശപ്പെടുന്നു.
ചൈനയിലെ ജിയാംഗ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെംഗ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. വാക്സിൻ എടുത്തവരിൽ സാർസ് കോവ്–2 വൈറസിനെതിരായ ആന്റി ബോഡി സൃഷ്ടിക്കപ്പെട്ടു. ഇവരിൽ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
പരീക്ഷണം പൂർണ വിജയമെന്നു പറയാൻ ഇനിയും സമയം ആവശ്യമാണ്. പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതൽ ഗവേഷണം വേണം. ആറു മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നൽകിയവർ പറയുന്നു.