സെബി മാത്യു
ന്യൂഡൽഹി: ഇപ്പോൾ ഒരുപക്ഷേ നമ്മൾ ഭേദപ്പെട്ട ഒരു നിലയിലായിരിക്കും. പക്ഷേ, ഏറ്റവും മോശമായ സാഹചര്യത്തിനായി ഏറെ കരുതിയിരിക്കേണ്ട തുണ്ട്. ഇതു തന്റെ അപേക്ഷയാണെന്നാണ് ഇന്ത്യയിൽ കോവിഡിനെ പിടിച്ചുകെട്ടാൻ പെടാപ്പാട് പെടുന്ന പ്രതിരോധ നിരയുടെ തലപ്പത്ത് നിൽക്കുന്ന ഡോ. വി.കെ. പോൾ നൽകിയ മുന്നറിയിപ്പ്.
നീതി ആയോഗ് അംഗം കൂടിയായ ഡോ. വി.കെ. പോൾ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവനൊപ്പം ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ സഹ ചെയർമാൻ കൂടിയാണ്.
കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി തുടർന്നാൽ വലിയ വെല്ലുവിളികളാണ് ഈ സമിതിക്കും രാജ്യത്തിനും മുന്നിലുള്ളത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഗുരുതരാവസ്ഥയിൽ രോഗികളുടെ ജീവൻ പിടിച്ചു നിർത്താനുള്ള വെന്റിലേറ്റർ സംവിധാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങളിലായി വെറും 8,432 വെന്റിലേറ്ററുകൾ മാത്രമാണുള്ളത്. എന്നാൽ, സ്വകാര്യ മേഖലയിൽ 40,000ൽ അധികം വെന്റിലേറ്ററുകൾ ഉണ്ടെന്നാണ് ചെന്നൈ കേന്ദ്രമായ ട്രിവിട്രോണ് ഹെൽത്ത് കെയർ നൽകുന്ന വിവരം.
ഇതനനുസരിച്ച് കേരളത്തിൽ മാത്രം വിവിധ ആശുപത്രികളിലായി 5,000 വെന്റിലേറ്റർ സംവിധാനം ഉണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വെന്റിലേറ്റർ കേരളത്തിൽ ആണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
മുംബൈയിൽ 800 മുതൽ ആയിരം വരെയും തമിഴ്നാട്ടിലും മധ്യപ്രദേശിലും 1,500ഉം 1,800ഉം ബംഗളൂരുവിൽ 400ഉം വെന്റിലേറ്ററുകൾ ഉണ്ടാകുമെന്നാണ് ട്രിവിട്രോണ് ഹെൽത്ത് കെയർ പ്രസിഡന്റ് സുദീപ് ബാഗ്ചി പറഞ്ഞത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 50,000 വെന്റിലേറ്ററുകൾ സെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവയെല്ലാം തന്നെ പ്രവർത്തനനിരതമാണെന്നുമാണ് ലൈഫ് ലൈൻ എംഡി വിനീത് ആചാര്യ പറഞ്ഞത്. ഇന്ത്യയിൽ ഒരു വെന്റിലേറ്റർ നിർമിക്കുന്നതിന് അഞ്ചു മുതൽ ഏഴു ലക്ഷം വരെ രൂപ ആകും.
വിദേശത്തുനിന്ന് എത്തിക്കുന്നതിന് 11 മുതൽ 18 ലക്ഷം വരെ രൂപയാകും. കോവിഡ് വ്യാപിക്കുകയാണെങ്കിൽ ഇറ്റലി പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് 80-100 മടങ്ങ് വെന്റിലേറ്ററുകൾ ആവശ്യമായി വരുമെന്നാണ് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഉൾപ്പെടെ വിദഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതായത് കോവിഡ് ഇനിയും പടർന്നാൽ രാജ്യത്ത് ലക്ഷക്കണക്കിന് വെന്റിലേറ്ററുകൾ പുതിയതായി സ്ഥാപിക്കേണ്ടിവരും.
പതിനായിരം വെന്റിലേറ്റുറുകൾ നിർമിക്കുന്നതിനായി പൊതുമേഖല സ്ഥാപനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിലവ് അഗർവാൾ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളിൽ 30,000 വെന്റിലേറ്ററുകൾ അടിയന്തരമായി വാങ്ങണമെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനും നിർദേശം നൽകിയിട്ടുണ്ട്.
അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് വലിയ കാർഗോ വിമാനങ്ങൾ ഉപയോഗിച്ച് എത്തിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതകൾ മൂന്നു ദിവസം മുൻപേ ഡോ. വി.കെ പോൾ തള്ളിക്കളഞ്ഞിരുന്നു.
കോവിഡ്-19നെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും തന്നെ പുതിയതാണ്. പരിശോധനകൾക്കായി ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗങ്ങൾ ഇന്ത്യയിൽ അവലംബിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഏറ്റവും ആധുനികമായ സംവിധാനം കണ്ടെ ത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.