‘കൊല്ലം : ചൈനയിലും സമീപ പ്രദേശങ്ങളിലും കൊറോണ വൈറസ് ഇന്ഫെക്ഷന് പടരുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
രോഗബാധിത പ്രദേശത്ത് നിന്നും വരുന്നവരെയും നാട്ടില്‍ എത്തിയിട്ടുള്ളവരെയും (14 ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍) 28 ദിവസം വരെ ഭവന നിരീക്ഷണത്തില്‍ വയ്ക്കണം. ഹോം ഐസോലേഷന് ആണ് ചെയ്യുക.
പുറം സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. പനി, ജലദോഷം, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള പി എച്ച് സി/സി എച്ച് സി യിലോ അറിയിക്കണം.
രോഗബാധിത പ്രദേശത്തുനിന്നും 14 ദിവസത്തിനകം സ്ഥലത്തെത്തിയവര്‍, കൊറോണ വൈറസ് രോഗം ബാധിച്ച രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ഇവരെ ചികിത്സിച്ച ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ നല്‍കണം.
ഇവര്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 14 ദിവസത്തിനകം പനി, കഫക്കെട്ട്, ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.
കൈകള്‍ കൂടെ കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. നിരീക്ഷണത്തിലുള്ളവര്‍ ഹോം ഐസോലേഷനില്‍ 28 ദിവസത്തിനകം തുടരണം. മൃഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
മാംസവും മുട്ടയും നല്ലതുപോലെ വേവിച്ച് ഉപയോഗിക്കണം. പനിയും ജലദോഷവും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഇന്ഫെക്ഷന് കണ്ട്രോള് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.