കോട്ടയം: കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 32പേർ നിരീക്ഷണത്തിൽ. ചൈന, കോങ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരിൽ ആർക്കും പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ ചേർത്തല സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ പനി ബാധയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് എന്നു കണ്ടതിനെത്തുടർന്ന് വിട്ടയച്ചിരുന്നു.
ജില്ലയിൽ 32 പേരാണ് നിരീക്ഷണത്തിലുള്ളത്. അവരിൽ മൂന്നു പേരൊഴികെയുള്ളവർ 30 വയസിൽ താഴെയുള്ളവരാണ്. നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും വുഹാൻ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളും. ഒപ്പം ചൈനയിലും ഹോംകോങ്ങിലും ജോലി ചെയ്യുന്നവരും നിരീക്ഷണത്തിലുണ്ട്.
നിലവിൽ, ഇവരിലാർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. നാലാഴ്ച പൂർണമായും ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതേസമയം, ഇന്നലെ രോഗം സ്ഥിരീകരിച്ചതു കോട്ടയം സ്വദേശിക്കാണെന്ന അഭ്യൂഹം പരന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ചൈനയിൽ നിന്നുമെത്തുന്നവരുടെ വിവരങ്ങൾ എയർപോർട്ടുകളിൽ നിന്നു കൃത്യമായി അതാതു ജില്ലാ മെഡിക്കൽ ഓഫീസിലേക്കു കൈമാറുന്നുണ്ട്. ഇവർ വീടുകളിലെത്തുന്നതു മുതൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ നേരിടാനാൻ കോട്ടയം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. മെഡിക്കൽ സംഘവും സജ്ജമാണ്.
സാംക്രമിക രോഗത്തിനായുള്ള പ്രത്യേക വിഭാഗം ഇപ്പോൾ തന്നെ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഐസൊലേഷൻ വാർഡ് തുറന്നിരിക്കുന്നത്. അടിയന്തര സാഹ്യചര്യം ഉണ്ടായാൽ ജില്ലാ ജനറൽ ആശുപത്രിയിലും സൗകര്യങ്ങൾ ഒരുക്കും.
കൊറോണ പരിശോധനയ്ക്ക് ആലപ്പുഴ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ലാബുകൾ ആരംഭിക്കും. ആലപ്പുഴയിൽ പരിശോധകരും പരിശോധനാ സാമഗ്രികളും പൂനൈയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമായിരിക്കും. മുന്‍പ് കേരളത്തിൽ നിപ്പ വൈറസ് വ്യാപിച്ചപ്പോഴും പരിശോധന ഇവിടെ നടത്തിയിരുന്നു.
ആലപ്പുഴയിൽ ഒരാൾ
വണ്ടാനം: കൊറോണ വൈറസ് ബാധയെന്ന് സംശയം ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇയാളെ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഇയാളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പുനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയക്കും.
കൊല്ലത്ത് രണ്ടു പേർ
ചാത്തന്നൂർ: പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു പേർ നിരീക്ഷണത്തിൽ. ബിസ്സിനസ് ആവശ്യത്തിന് ചൈനയിൽ പോയി മടങ്ങിയെത്തിയ യുവാവും നാട്ടിലെ സുഹൃത്തുമാണ് നിരീക്ഷണത്തിലുള്ളത്.
ചൈനയിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ സ്വമേധയാ എത്തുകയായിരുന്നു. തുടർന്ന് യുവാവിനെ നിരീക്ഷണത്തിലാക്കി. യുവാവിന് ഒപ്പം ആശുപത്രിയിൽ എത്തിയ കൂട്ടുകാരനെയും മുൻ കരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി. യു. ഐസ ലേഷൻ വാർഡ് ഉൾപ്പെടെയുള്ള എല്ലാ വിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് 168 പേര്
കോഴിക്കോട്: കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലയില്‍ 168 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് ജില്ലയില്‍ 168 പേര് എത്തിയതായാണ് കണ്ടെത്തിയത്. ഇതില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരുടെയും ഇന്നലെ ചികിത്സ തേടിയെത്തിയ ഒരാളുടെയും രക്തം, സ്വാബ്, കഫം തുടങ്ങിയവ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള ഒരാളുടെ കൂടി സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാഫലം ഇന്നോ നാളയോ ആയി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബീച്ച് ജനറല്‍ ആശുപത്രിയിലെ കൊറോണ നോഡല്‍ ഓഫീസര്‍ ഡോ.സി.ജെ. മൈക്കിള്‍ അറിയിച്ചു.
വയനാട്ടിൽ 16 പേർ
കൽപ്പറ്റ:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വയനാട്ടിൽ 16 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽനിന്നു ജില്ലയിൽ എത്തിയതാണ് ഇവർ. ജില്ലയിൽ ആശുപത്രികളിൽ ആരും നിരീക്ഷണത്തിലില്ല.