തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇക്കാര്യത്തിൽ വലിയ തോതിലുള്ള ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ നമ്മള് ഒരുങ്ങിയിട്ടുണ്ട്. ചൈനയിലുള്ള മലയാളികളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാൻ നോർക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തു 288 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരാണ് ലക്ഷണം കാണിച്ചിട്ടുള്ളത്. ഇവർ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴു പേരിൽ അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രണ്ട് പേരുടെ ഫലം ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ജില്ലയിൽ 18പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4 പേർ ഒരു കുടുംബത്തിലുള്ളവരാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ എല്ലാം നിരീക്ഷിക്കുന്നത്. 28 ദിവസമാണ് നിരീക്ഷണ കാലയളവ്.
ചൈനയില്‍ നിന്നും രോഗബാധയുണ്ടായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും ഇക്കാര്യം അറിയിക്കണം. അതോടൊപ്പം ആരോഗ്യ വകുപ്പ് നേരിട്ടും നിരീക്ഷണം നടത്തുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇത്തരം ആളുകളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ചികിത്സ നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് സെക്രട്ടറി യുടെ മേൽനോട്ടത്തിൽ തിരുവനന്തപുരംത്തു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഇങ്ങനെ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.