കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോള്‍ ചില വില്ലന്മാര് വ്യാജപ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് ബംഗളുരുവിലെ കൊറോണ വൈറസ് ബാധിച്ച കോഴി. തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണിതെന്നാണ് ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍.
ഇന്ത്യ ടുഡേയുടം ആന്റി ഫേക്ക് ന്യൂസ് വാര് റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് കോഴിയെ പ്രതിയാക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ തെറ്റായ വിവരങ്ങളോടു കൂടിയ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
തമിഴ് 360 ന്യൂസില്‍ വന്ന വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. ബ്രോയിലര്‍ കോഴികളില്‍ ത്വരിത വളര്‍ച്ചയ്ക്ക് വേണ്ടി കെമിക്കലുകള്‍ ഉപയോഗിക്കുന്നത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലായിരുന്നു ഈ ചിത്രം ഉപയോഗിച്ചത്. നവംബര്‍ 21, 2019നാണ് ഈ റിപ്പോര്‍ട്ട് വന്നത്.
കൊറോണ വൈറസിന് കോഴിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്സ്റ്റിറ്റിയൂഷന് ഓഫ് വെറ്റിനേറിയന്‍സ് ഓഫ് പോള്‍ട്രി ഇന്‍ഡസ്ട്രി പ്രസിഡന്റ് ഡോ ജി ദേവഗൗഡ വിശദമാക്കുന്നത്. എന്തായാലും ഈ ചിത്രം കാട്ടുതീ പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.