ബെയ്ജിംഗ്: ചൈനയിൽനിന്നു ലോകമെന്പാടും വ്യാപിച്ച നൊവൽ കൊറോണ എന്ന കൊലയാളി വൈറസ് ഡിസംബർ അവസാനത്തോടെ വുഹാൻ സിറ്റിയിലാണു കണ്ടെത്തിയതെന്നു ചൈന. ചൈനീസ് അധികൃതർ പുറത്തിറക്കിയ കൊറോണ വൈറസിന്റെ നാൾവഴി എന്ന ലേഖനത്തിലാണ് ഈ വിവരം.
ഡിസംബർ 30ന് വുഹാൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പ്രിവൻഷൻ സെന്ററിൽ അകാരണമായുള്ള ന്യുമോണിയ ബാധിച്ച് ഒരാൾ എത്തി.
ഇതേത്തുടർന്ന് ന്യുമോണിയ ബാധിച്ച് എത്തുന്നവർക്ക് അടിയന്തര ശ്രദ്ധ നല്കി പ്രത്യേകം ചികിത്സിക്കണമെന്ന് ഡിസംബർ 30ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
ചൈനയിൽ 3331 പേർ വൈറസ് ബാധിച്ചു മരിച്ചതായാണു കണക്ക്. 82,000ത്തോളം പേർ ചികിത്സയിലുണ്ടെന്നും 77,078 പേർക്കു രോഗം ഭേദമായിട്ടുണ്ടെന്നും നാഷണൽ ഹെൽത്ത് കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 31ന് മുനിസിപ്പൽ കമ്മീഷൻ പത്രസമ്മേളനം നടത്തി ന്യുമോണിയ ബാധയുള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്നു നിർദേശിച്ചു.
പൊതു ഇടങ്ങളിൽ മുഖാവരണം ധരിച്ച് സഞ്ചരിക്കാനും വീടിനുള്ളിൽത്തന്നെ കഴിയാനുമായിരുന്നു നിർദേശം. 27 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അതീവശ്രദ്ധ പുലർത്തണമെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ജനുവരി മൂന്നിന് ന്യുമോണിയ പടരുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗമായി ഇതുമാറുന്നതായി ജനുവരി അഞ്ചിനു കണ്ടെത്തി.
ജനുവരി 23നു വുഹാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചൈനീസ് നവവത്സര ആഘോഷത്തിനുശേഷമാണ് രോഗികളുടെ എണ്ണം കൂടിയതെന്നും രോഗവ്യാപനത്തിന്റെ നാൾവഴികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.