? എന്താണു പുതിയ കൊറോണ വൈറസ്
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതാണ് ഈ പുതിയ വൈറസ്. 2019-എൻസിഒവി (പുതിയ കൊറോണ വൈറസ് 2019) എന്നാണു ശാസ്ത്രലോകം ഇപ്പോൾ നല്കിയിരിക്കുന്ന പേര്.
? കൊറോണ വൈറസുകൾ മുന്പ് ഉണ്ടായിരുന്നോ
ഉണ്ടായിരുന്നു. സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം) എന്നിവയ്ക്കു കാരണം കൊറോണ വൈറസുകളാണ്. അവയിൽനിന്നു വ്യത്യസ്തമായ ഇനം കൊറോണ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം.
? രോഗബാധയുടെ പ്രാരംഭലക്ഷണങ്ങൾ
കടുത്ത പനി, ചുമ, ശ്വാസതടസം. രോഗം മൂർച്ഛിച്ചാൽ ആന്തരാവയവങ്ങൾ തകരാറിലാവും.
? എന്താണു ചികിത്സ
ഇപ്പോൾ ചികിത്സ ഇല്ല. ഫ്ളൂവിന്റെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഫ്ളൂവിനെതിരായ ആന്റിബയോട്ടിക്കുകൾ വൈറസ് ഫലമായുള്ള ഈ രോഗത്തിനു ഫലപ്രദമല്ല.
ആശുപത്രിയിൽ ശ്വാസകോശത്തിനും മറ്റ് ആന്തരാവയവങ്ങൾക്കും അണുബാധയും പ്രശ്നങ്ങളും വരാതിരിക്കാനുള്ള ചികിത്സയാണു നടത്തുക.
ശരീരത്തിന്റെതന്നെ പ്രതിരോധസംവിധാനം കൊണ്ടുവേണം രോഗബാധയിൽനിന്നു രക്ഷപ്പെടാൻ.
? പ്രതിരോധ മരുന്നുകൾ ഉണ്ടോ
ഈ രോഗബാധയ്ക്കെതിരേ വാക്സിനുകൾ പോലുള്ള പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ഗവേഷണങ്ങൾ നടക്കുന്നു. ഈ രോഗബാധയുള്ളവരുമായി സന്പർക്കം വരാതെ നോക്കുക. ഈ വൈറസ് ഉള്ള പ്രദേശങ്ങളിൽ ചെല്ലാതെ നോക്കുക എന്നിവയാണ് എടുക്കാവുന്ന പ്രതിരോധ നടപടി.
? രോഗം പടരുന്നത് എങ്ങനെ
സാർസും മെർസും പോലെ ഇതും മൃഗജന്യമാണെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സാർസ് വെരുകിൽനിന്നും മെർസ് ഒട്ടകത്തിൽനിന്നുമാണു പടർന്നത്. ഇപ്പോഴത്തെ രോഗബാധയ്ക്കു കാരണമായ മൃഗം ഏതെന്നു തിരിച്ചറിഞ്ഞിട്ടില്ല. വവ്വാൽ ആണെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
ഇതിന്റെ ജനിതകഘടനയും വവ്വാലിന്റേതുമായി 80 ശതമാനം സാമ്യം കണ്ടെത്തി. വുഹാനിലെ മത്സ്യ-മാംസ മാർക്കറ്റിൽ വവ്വാലും വെരുകും പാന്പും അടക്കം ധാരാളം ജീവികളുടെ മാംസം വിൽക്കുന്നുണ്ട്. 2002-03 ലെ സാർസ് ബാധ ഒതുക്കിയത് വെരുകിറച്ചി നിരോധിച്ചും വെരുകുകളുടെ പ്രജനനം തടഞ്ഞും മറ്റുമാണ്.
? മനുഷ്യനിൽനിന്നു രോഗം പടരുമോ
പടരും. മനുഷ്യരിൽനിന്നു മറ്റുള്ളവരിലേക്കു പടർന്ന സംഭവങ്ങൾ ചെെന, തായ്ലൻഡ്, തായ്വാൻ, ജർമനി, അമേരിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ വുഹാനിൽതന്നെ ചന്തയിലൊന്നും പോകാത്ത പലർക്കും ചന്തയിൽ പോയി വൈറസ് ബാധയുമായി വന്നവരിൽനിന്നാണു രോഗം ലഭിച്ചത്.
? രോഗത്തിന്റെ പകർച്ചത്തോത് എങ്ങനെ
ലണ്ടനിലെ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞ രുടെ കണക്കുകൂട്ടലനുസരിച്ച് ഈ രോഗബാധയുടെ പകർച്ചത്തോത് ഇൻഫ്ളുവൻസയുടെ അതേ നിരക്കിലാണ്. ഒരാൾ ശരാശരി 2.6 പേർക്ക് രോഗം പകർന്നുകൊടുക്കുന്നു.
? പൊതുവേ പാലിക്കേണ്ട കരുതലുകൾ
ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ തോർത്തോ ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇവ ലഭിച്ചില്ലെങ്കിൽ മൂക്കും വായും കൈക്കുള്ളിലാക്കി മാത്രം ചുമയ്ക്കുക.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകണം. അല്ലെങ്കിൽ ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ അണുവിമുക്തമാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
? ചൈനയിൽനിന്നു വന്നവർ ശ്രദ്ധിക്കേണ്ടത്
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ കഴിയുക. പൊതുസ്ഥലങ്ങളിൽ പോകരുത്. മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരുണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.
കരുതലോടെ നേരിടാം
ചൈനയിൽ നിന്ന് തിരിച്ചെത്തി 28 ദിവസങ്ങൾക്കുള്ളിൽ പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണങ്കിൽ ആശുപത്രികളിലേക്ക് പോകുക.
നിർദിഷ്ട വ്യക്തിയും കൂടെപ്പോകുന്ന ആളും മാസ്ക് അല്ലങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം. യാത്രയ്ക്ക് പൊതു വാഹനങ്ങൾ ഒഴിവാക്കണം.
ആശുപത്രികളിൽനിന്നുവീട്ടിലേക്കു വിടുന്നവർ ചെയ്യേണ്ടത്
• വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായുള്ള സന്പർക്കം കർശനമായി ഒഴിവാക്കേണ്ടതാണ്.
• രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
• രോഗിയുടെ ശരീരസ്രവങ്ങളുമായി സന്പർക്കത്തിൽ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
• രോഗിയെ സ്പർശിച്ചതിനുശേഷവും രോഗിയുടെ മുറിയിൽ കയറിയതിനുശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുക്കുക.
• കൈകൾ തുടയ്ക്കുവാനായി പേപ്പർ ടവൽ/തുണികൊണ്ടുള്ള ടവൽ ഉപയോഗിക്കുക.
• ഉപയോഗിച്ച മാസ്കുകൾ/ടവലുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യുക.
• ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ രോഗലക്ഷണമുള്ളവർ കഴിയേണ്ടതാണ്.
• പാത്രങ്ങൾ, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
• തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ളീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടീ സ്പൂണ് ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.
• ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്ത്/തുണി കൊണ്ട് വായും മൂക്കും മറയ്ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
• സന്ദർശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക.
• നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
ബന്ധപ്പെടാവുന്ന നന്പരുകൾ
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂം തുറന്നു. 0471-2304160 എന്ന നന്പരിലും ആരോഗ്യ വകുപ്പിന്റെ 1056 എന്ന നന്പരിലും ബന്ധപ്പെട്ടാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.
തൃശൂർ ജില്ലയിലും കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നന്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടാം. ഫോണ്: 04872320466 (ഐഡിഎസ്പി), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്), 9349171522 (ഡോ. രതി). തൃശൂർ ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം നന്പരുകൾ 04872362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 0487 കോഡ് ചേർത്ത് വിളിക്കണം.)