കൊറോണ എങ്ങനെയാണ് ആളുകളിലേക്ക് അതിവേഗം പടരുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
വൈറസ് പ്രതലങ്ങളില്‍ നിന്ന് പടരുമെന്നാണ് മുമ്പ് കരുതിയിരുന്നത്. വായുവിലൂടെ കൊറോണ പടരുമെന്ന് ചിലര്‍ വാദിച്ചെങ്കിലും ഇതിന് തെളിവുകള്‍ കുറവായിരുന്നു.
എന്നാലിപ്പോള്‍ വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യത സ്ഥിരീകരിച്ചത് ഏവരെയും ഞെട്ടിക്കുകയാണ്.
മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളില്‍ വൈറസ് വ്യാപനം കുറവായിരുന്നെന്ന് വിദഗ്ധര്‍ കണ്ടെത്തി.
ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി സഹകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ കൂട്ടായ പഠനമാണ് സാര്‍സ് കോവ് 2 വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ചത്.
കോവിഡ് 19 ബാധിച്ച ആളുകള്‍ താമസിക്കുന്ന വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച വായു സാമ്പിളുകളില്‍ നിന്നുള്ള കൊറോണ വൈറസ് ജനിതകഘടന വിശകലനം ചെയ്യുകയായിരുന്നു ശാസ്ത്രജ്ഞര്‍.
ആശുപത്രികള്‍, കോവിഡ് രോഗികള്‍ ചെലവഴിച്ച അടച്ചിട്ട മുറികള്‍, ക്വാറന്റൈന് ചെയ്ത വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്.
കോവിഡ് -19 രോഗികള്‍ക്ക് ചുറ്റുമുള്ള വായുവില്‍ വൈറസിന്റെ സാന്നിധ്യം പതിവായി കണ്ടെത്താന്‍ കഴിഞ്ഞു. ഇതേ പരിസരത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നതായി പഠനത്തില്‍ കണ്ടെത്തി.
ആശുപത്രികളിലെ ഐസിയുവിലും നോണ്‍ ഐസിയു വിഭാഗത്തിലും വൈറസ് ഉണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
രോഗികളില്‍ നിന്ന് വായുവിലേക്ക് വൈറസ് പടര്‍ന്നിരുന്നെന്നും അണുബാധയുടെ തീവ്രത ഇതിന് ഘടകമായിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
വളരെ ദൂരത്തേക്ക് വ്യാപിക്കാനും ജീവനുള്ള കോശങ്ങളെ പിടികൂടാനും സാധ്യതയുള്ള കൊറോണ വൈറസ് വായുവില്‍ ഉണ്ടെന്ന് പഠനം കണ്ടെത്തി. അണുബാധ പടരാതിരിക്കാന്‍ മാസ്ക് ധരിക്കുന്നത് തുടരാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം.