സ്വന്തം ലേഖകൻ
തൃശൂർ: ലോകവ്യാപകമായി ഭീതി പരത്തുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ 35 പേരും പാലക്കാട് 24 പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിലെത്തിയവരാണവർ. തൃശൂരിൽ ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്നലെവരെ 436 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ചുപേർ ആശുപത്രിയിലുമാണ്. മറ്റുള്ളവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. സംശയലക്ഷണങ്ങളുളളവരുടെ സാന്പിളുകളെടുത്ത് പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട തൃശൂരിലെ ഉൾപ്പെടയുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ജില്ല മെഡിക്കൽ ഓഫീസർമാരോട് മിണ്ടരുതെന്ന് വിലക്ക്
കൊറോണ വൈറസ് സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കർശനനിർദ്ദേശം. കേരളത്തിലെ മിക്ക ജില്ലകളിലും കൊറോണ വൈറസ് ബാധയുള്ള ഇടങ്ങളിൽ നിന്നെത്തിയവർ നിരീക്ഷണത്തിലുണ്ടെങ്കിലും കൊറോണ വൈറസ് ബാധ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഡിഎംഒമാർക്ക് ആരോഗ്യവകുപ്പ് രേഖാമൂലം നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇതുസംബന്ധിച്ച സർക്കുലർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ മാധ്യമങ്ങൾക്ക് വിവരം നൽകാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായാണ് വിശദീകരണം. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ വരാതിരിക്കാനാണ് പുതിയ സംവിധാാനമെന്നും വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് നോഡൽ ഓഫീസറുടെ വിശദീകരണം.
ശ്രദ്ധിക്കുക….
ജനങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകൾക്കുള്ളിൽ തന്നെ കഴിയണം.
വൈദ്യസഹായത്തിന് ദിശ നന്പറായ 0471 2552056 വിളിച്ച് നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ആശുപത്രികളിലേക്ക് പുറപ്പെടാവൂ. വീട്ടിലെ മറ്റംഗങ്ങളുമായുള്ള സന്പർക്കം കർശനമായും ഒഴിവാക്കണം.