തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. ഇതു സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി.
മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതർ സംസ്ഥാനത്തുണ്ടെന്നും സമൂഹ വ്യാപനസാധ്യതയാണ് ഇതു കാണിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകരിലും പൊതുജനസന്പർക്കമുള്ളവരിലും പരിശോധനകൾ വർധിപ്പിച്ചാലേ യഥാർഥ വസ്തുതകൾ പുറത്തുവരികയുള്ളുവെന്നും സമിതി നിർദേശിച്ചു.
ഒരു മാസത്തിനുളളിൽ മൂവായിരത്തോളം പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സർക്കാർ നിഗമനം. 14 ആരോഗ്യ പ്രവർത്തകരടക്കം 57 പേർക്ക് 19 ദിവസത്തിനുള്ളിൽ സന്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.