കൊച്ചി: ജില്ലയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈമാസം ആദ്യ പത്ത് ദിവസത്തിനിടെമാത്രം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു.
കഴിഞ്ഞ മാസം ആദ്യ പത്ത് ദിവസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയിലേറെപേര്ക്കാണ് ഈ മാസം രോഗം പിടിപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം ആദ്യ പത്ത് ദിവസം 959 പേരാണ് രോഗബാധിതരായതെങ്കില് ഈ മാസം ഇതുവരെ 2,153 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസത്തില്‍ 19 ാം തീയതിയാണു രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടത്. അതിനിടെ, ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും പടര്‍ന്നത് കഴിഞ്ഞമാസമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജില്ലയില്‍ ഇതുവരെ 8,312 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണു ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞമാസംമാത്രം രോഗികളായവരാകട്ടെ 4,296 പേരും.
നിലവിലെ സ്ഥിതിയില്‍ ഈമാസം രോഗികളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ഇതുവരെ 5,583 പേരാണ് ജില്ലയില്‍ കോവിഡ് മുക്തരായത്. 43 മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 227 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 222 പേര്‍ക്കും രോഗം പിടിപെട്ടതു സമ്പര്‍ക്കത്തിലൂടെ. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,843 ആയി.