കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശന്പളവും കെട്ടിടത്തിനു വാടകയും നല്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്.
തൊഴിലാളികളെ പിരിച്ചു വിടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. കൊറോണ ഭീതി ജൂലൈ വരെ തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാൽ നാഷണലൈസ്ഡ്, ഷെഡ്യൂൾസ്, സഹകരണ, സ്വകാര്യ ബാങ്കുകളും ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും വ്യാപാരികൾക്കു ആറ് മാസത്തെ പലിശ പൂർണമായും ഒഴിവാക്കിത്തരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
വായ്പ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു പീന്നിട് പലിശയും പിഴപലിശയും കൂട്ടി അടച്ചു വ്യാപാരികൾ കൂടുതൽ കടത്തിലേക്ക് നീങ്ങുന്ന നടപടി കൊണ്ട് വ്യാപാരികൾക്കു പ്രയോജനമുണ്ടാകില്ല. അതിനാൽ ആറ് മാസത്തെ പലിശ ഒഴിവാക്കുന്ന തീരുമാനം എത്രയും വേഗം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതിനുപുറമെ പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസുകൾ എടുക്കുന്പോൾ ഈടാക്കുന്ന പലിശയും പിഴപലിശയും വ്യാപാരികൾക്കു ഒഴിവാക്കി കൊടുക്കണമെന്നും ഗവണ്മെന്റ് ലൈസൻസുകൾക്കും ഈ നിയമം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറാർ ഇ.സി. ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി. അബ്്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി. ജോസഫ് കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.