
ന്യൂഡൽഹി: കോവിഡ് ഏറെ ബാധിക്കാത്ത ജില്ലയായ വയനാടിനെ പ്രശംസിച്ചു കോണ്ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്.
വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വയനാട് മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കി.
കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ കളക്ടർ, എസ്പി, ഡിഎംഒ, ജില്ലാ ഭരണകൂടം എന്നിവരാണ് ഈ നേട്ടത്തിനു പിന്നിൽ. അവരുടെ ആത്മസമർപ്പണത്തിനും കഠിനാധ്വാനത്തിനും എന്റെ സല്യൂട്ട് എന്നാണു രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.