സ്വന്തം ലേഖകൻ
തൃശൂർ: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നതോടെ തൃശൂർ നഗരം ഏതാണ്ടു പൂർണമായി അടഞ്ഞു കിടക്കുകയാണ്. കോർപറേഷനിലെ 13 ഡിവിഷനുകളാണ് ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇതോടെ തൃശൂർ നഗരത്തിനകത്തെ വ്യാപാരസ്ഥാപനങ്ങളൊന്നും ഇന്നു തുറന്നില്ല. മെഡിക്കൽ ഷോപ്പുകളും ഏതാനും ഹോട്ടലുകളും തുറന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് നിലവിലുള്ള ഏഴു ഡിവിഷനുകൾക്കു പുറമെ ആറു ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. ഇതിൽ പാട്ടുരായ്ക്കൽ, തേക്കിൻകാട്, കൊക്കാലെ, പള്ളിക്കുളം ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായതോടെയാണ് നഗരത്തിന്റെ നല്ലൊരു ഭാഗം അടഞ്ഞുകിടക്കുന്നത്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾ തുറക്കാമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും അത്തരം കടകൾ പോലും തുറന്നിട്ടില്ല. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. പരമാവധി കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കാനാണ് ഉത്തരവ്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഡിവിഷനുകളിൽ പോലീസ് കരുതൽ ശക്തമാക്കി. തൃശൂർ വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഒളരി, പുല്ലഴി, പുതൂർക്കര ഭാഗങ്ങളിലേക്കും എൽത്തുരുത്ത് കോളജ് റോഡ്, കണ്ണാപുരം, ചേറ്റുപുഴ, ഒളരി ഇ എസ് ഐ, ലാലൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ള വിവിധ റോഡുകൾ ബാരിക്കേഡുകൾ വെച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
ഡിവിഷൻ പരിധിയിലുള്ള പലചരക്ക് കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ ഒഴികയുള്ള എല്ലാ വ്യാപര സ്ഥാപനങ്ങളും പോലിസ് എത്തി അടപ്പിച്ചു.