വാഷിംഗ്ടൺ: കൊറോണ വൈറസ് മഹാമാരിയെ പിടിച്ചുകെട്ടാൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. രണ്ട് ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് ആണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
സെനറ്റിലെ രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷം ബില്ല് പാസായി. കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ തൊഴിലില്ലായ്മ 3.3 ദശലക്ഷമായി കുതിച്ചുയർന്നിരുന്നു.
മുൻപ് പ്രഖ്യാപിച്ച ഏതൊരു ഉത്തേജകപാക്കേജുകളേക്കാൾ ഇരട്ടിയിലധികം ബൃഹത്താണിതെന്ന് ട്രംപ് പറഞ്ഞു. ഇത് നമ്മുടെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ബിസിനസുകൾക്കും അടിയന്തരമായി ലഭിക്കേണ്ട ആശ്വാസം നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കാൻ ജനറൽ മോട്ടോഴ്സിന് (ജിഎം) നിർദേശം നൽകുമെന്ന് ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച ശബ്ദവോട്ടോടെയാണ് ഡമോക്രറ്റുകളും റിപ്പബ്ലിക്കൻസും മൂന്നു മണിക്കൂർ ചർച്ചകൾക്കു ശേഷം പാക്കേജിന് അംഗീകാരം നൽകിയത്.
കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിമൂലം അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രപരവും സാമ്പത്തികവുമായ അടിയന്തരാവസ്ഥ അഭിമുഖീകരിക്കുകയാണെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.
വാർഷിക വരുമാനം 75,000 ഡോളറിൽ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കൾക്കും 500 ഡോളറും പാക്കേജിന്റെ ഭാഗമായി ലഭിക്കും.
സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് പണം നൽകുകയും തൊഴിലില്ലായ്മ ആനുകൂല്യം നൽകുന്ന പദ്ധതികൾക്ക് ആക്കം കൂട്ടുകയും ചെയ്യും.
ബിസിനസ് നഷ്ടപ്പെടുന്ന കമ്പനികൾക്ക് വായ്പയും നികുതിയിളവും ബിൽ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധം, ശാസ്ത്രഗവേഷണം തുടങ്ങിയവയ്ക്കായി യുഎസ് സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ് ഉത്തേജക പാക്കേജിനായി നീക്കിവച്ചിരിക്കുന്നത്.
64 രാജ്യങ്ങള്‍ക്ക് അമേരിക്ക ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 174 മില്യണ്‍ ഡോളാറാണ് 64 രാജ്യങ്ങള്‍ക്കായി നല്‍കുക. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് 2.9 മില്യന്‍ ഡോളര്‍ (21.7 കോടി രൂപയിലധികം) സഹായം ലഭിക്കും.
നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യത
അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് മെഡിസിന് വിഭാഗത്തിന്റേതാണ് പഠനം. അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ വൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയേ തുടര്‍ന്നുള്ള മരണങ്ങള് തുടരുമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ മാസത്തോടെ മരണനിരക്ക് കുറയുമെന്നും ദിവസം 10 പേര് എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്.