തിരുവനന്തപുരം: ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ വനിത ശിശുവികസന വകുപ്പും പങ്കാളിയായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
സംസ്ഥാനത്തെ 33115 അങ്കണവാടികളിലെ 60,000ത്തോളം ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രധാന സ്ഥാപനങ്ങളിലെ ബ്രേക്ക് ദ ചെയിൻ കിയോസ്കുകളിൽ അങ്കണവാടി ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്.
ഇതുകൂടാതെ വീടുകൾ സന്ദർശിച്ച് കോവിഡ് 19നെപ്പറ്റിയുള്ള ബോധവത്ക്കരണവും നൽകുന്നു. ഫലപ്രദമായി എങ്ങനെ കൈ കഴുകി കോവിഡിനെ പ്രതിരോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിവരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികൾക്ക് ഈ മാസം 31 വരെയുള്ള ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാർക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നേരത്തെതന്നെ പോഷകാഹാരങ്ങൾ വീട്ടിലെത്തിക്കുന്നുണ്ട്.
ഇതോടെ 13.5 ലക്ഷത്തോളം പേർക്കാണ് ഐസിഡിഎസ് സേവനങ്ങൾ വീട്ടിലെത്തിച്ചു നൽകിയത്.