മുംബൈ: കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളില്‍ നിന്ന് മുംബൈയിലെ ഈ ആശുപത്രിയിൽ പിറന്നുവീണത് നൂറിലധികം കുഞ്ഞുങ്ങൾ. മുംബൈയിലെ ലോക്മാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിക്കാണ് നേട്ടം. രോഗബാധിതരായ സ്ത്രീകളിൽ നിന്ന് 115 കുഞ്ഞുങ്ങളാണ് ആശുപത്രിയിൽ ജനിച്ചത്.
മൂന്നു കുഞ്ഞുങ്ങൾക്ക് അമ്മമാരിൽ നിന്ന് രോഗബാധയുണ്ടായി. എന്നാൽ തുടർച്ചയായ പരിശോധനകളിലൂടെ ഇവരുടെ രോഗം ഭേദമാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.
രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ രണ്ടു ഗർഭിണികൾ മരിച്ചു. ഇവരിൽ ഒരാൾ പ്രസവിക്കും മുമ്പാണ് മരിച്ചതെന്നും അധികൃതർ പറഞ്ഞു.
കോവിഡ് രോഗികളായ ഗർഭിണികളെ ചികിത്സിക്കാൻ 65 ഡോക്ടർമാരും രണ്ടു ഡസൻ നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഉള്ളത്. 40 കിടക്കയുള്ള പ്രത്യേക വാർഡാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
മൂന്നു ഓപ്പറേഷൻ തിയേറ്ററുകളായി അര ഡസൻ ടേബിളുകളിലാണ് പ്രസവം നടത്തുന്നത്. ഡോക്ടർമാരും നഴ്സുമാരും അനസ്തെറ്റിസ്റ്റുകളും പിപിഇ കിറ്റുകൾ ധരിച്ചാണ് ഇതിന്റെ ഭാഗമാകുന്നത്.
‘പോസിറ്റീവായ സ്ത്രീകളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് ഭാഗ്യമാണ്. അവരിൽ ചിലർക്ക് പനിയും ശ്വാസതടസവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ അവരെ ചികിത്സിക്കുകയും പ്രസവശേഷം വീട്ടിലേക്ക് അയക്കുകയും ചെയ്തു’- ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അരുൺ നായക് പറഞ്ഞു.
രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ 34 കിടക്കകളുള്ള വാർഡ് കൂടി സജ്ജമാക്കാനുള്ള നീക്കത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.