പത്തൊമ്പതുകാരനായ ജോസഫ് ഫ്ളാവില് എന്ന ജോ പതിനൊന്നു മാസം ഒന്നുമറിഞ്ഞില്ല, ആരെയുമറിഞ്ഞില്ല! മഞ്ഞും മഴയും വേനലും വന്നുപോയതറിഞ്ഞില്ല.
ലോകമാകെ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതും ലോക്ഡൗണും സാമ്പത്തിക പ്രശ്നങ്ങളുമറിഞ്ഞില്ല. ഒന്നുമറിയാതെ ജോ അബോധ ലോകത്തായിരുന്നു.
കാറപകടത്തില്‍ തലച്ചോറിനു ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോ പതിനൊന്നു മാസം കോമയിലായത്. കോവിഡ് എന്ന വാക്കിനുമുന്നില്‍ ഇപ്പോള്‍ ഒന്നുമറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ നില്ക്കുന്ന ജോ കോമയിലായിരുന്ന കാലത്തു രണ്ടു പ്രാവശ്യം കോവിഡ് ബാധിച്ചിരുന്നു. രണ്ടു തവണയും കോമയിൽ തന്നെ രോഗത്തെ അതിജീവിച്ചു.
ലോകത്തെ മാറ്റിമറിച്ച കോവിഡ് പ്രതിസന്ധിയെപ്പറ്റി ജോയോട് എന്തു പറയണം, എങ്ങനെ പറയണം എന്ന അങ്കലാപ്പിലാണു ബന്ധുമിത്രാദികള്‍.
സ്റ്റേജ് 2 കോമ
2020 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ പട്ടണത്തില്‍ വച്ചാണ് ഒരു കാര്‍ ജോയെ ഇടിച്ചുതെറിപ്പിച്ചത്. ജോ സ്റ്റേജ് 2 കോമയിലായത് ലോകം ലോക്ഡൗണിലായതിനു മൂന്നാഴ്ച മുമ്പ്.
ഭൂമുഖത്തെമ്പാടും ദശലക്ഷക്കണക്കിനു ജനം കോവിഡിന്റെ പിടിയിലമരുമ്പോള്‍ ജോ അതൊന്നുമറിഞ്ഞില്ല. ചികിത്സയുടെയും ഭാഗ്യത്തിന്റെയും പിന്‍ബലത്തില്‍ ജോ അബോധലോകത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചു. പതിനൊന്നു മാസങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരുടെ വര്‍ത്തമാനങ്ങളിലേക്കും കാഴ്ചകളിലേക്കും മിഴിതുറന്നു.
പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും തിരിച്ചറിയുന്നു. ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. ഫേസ്ടൈം ആപ്പിലും സജീവമാകുന്നു.
ഹൈ ഫൈവ്!
അടുത്തിടെയാണ് കോമയുടെ ലോകത്തുനിന്നു ജോ തിരിച്ചുവരവിന്റെ സൂചനകള്‍ തന്നു തുടങ്ങിയത്. കണ്ണുകള്‍ ചലിപ്പിച്ചു. മന്ദഹസിച്ചു. നിര്‍ദേശങ്ങളോടു പ്രതികരിച്ചു പതിയെ വലതുകാല്‍ ഉയര്ത്തിവച്ചു.
പരിചരിച്ച നഴ്സിനു ഹൈ ഫൈവ് (ഉയര്‍ത്തിയ കൈപ്പത്തികൊണ്ട് പരസ്പരം അടിച്ച് അഭിവാദ്യം ചെയ്യുന്ന രീതി) നല്‍കാനായതാണ് ജോയുടെ തിരിച്ചുവരവിന്റെ മികച്ച സൂചനയായത് – ജോയുടെ അമ്മായി സാലി ഫ്ളാവില് സ്മിത്ത് ടെലിവിഷന്‍ ലൈവില്‍ പറഞ്ഞു.
പിറന്നാളിന്
കോവിഡ് നിയന്ത്രണങ്ങളുടെ കാലത്തു ജോയെ അടുത്തു കാണാന്‍ അമ്മ ഷാരോണ്‍ പ്രീസ്റ്റ്ലിക്കു മാത്രമായിരുന്നു അനുവാദം.
നാലു മാസം മുമ്പാണ് ജോയെ ആശുപത്രിയില്‍നിന്ന് ന്യൂറോളജിക്കല്‍ പരിചരണങ്ങള്‍ക്കും പുനരധിവാസത്തിനുമായുള്ള ആഡേര്ലി ഗ്രീന്‍ കെയര്‍ ഹോമിലേക്കു മാറ്റിയത്.
അവിടെയായിരുന്നു ജോയുടെ പത്തൊമ്പതാം പിറന്നാളും. ആ ദിവസം സാമൂഹിക അകലം പാലിച്ചു കൂടെയിരിക്കാന്‍ അമ്മയ്ക്കു മാത്രം അനുവാദം നല്കി.
ഫേസ്ടൈം
ഫേസ്ടൈം എന്ന സാമൂഹിക മാധ്യമത്തിലൂടെയാണ് ജോ ഇപ്പോള്‍ കൂട്ടുകാരെയും വീട്ടുകാരെയും അടുത്തു കാണുന്നത്. വീഡിയോ ലൈവില്‍ പ്രിയപ്പെട്ടവരുടെ മുഖം തെളിയുമ്പോള്‍ ജോയുടെ മനസും തെളിയും.
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച കാലത്തു മുടങ്ങിപ്പോയ ഫിസിയോതെറാപ്പി വീണ്ടും തുടങ്ങാനുള്ള ആലോചനയിലാണ് കുടുംബം.
തിരിച്ചുവരികയാണ്
പഠനത്തിനൊപ്പം സ്പോര്‍ട്സിലും ജോ സജീവമായിരുന്നു. ജോയുടെ ഫിറ്റ്നെസിനും ആരോഗ്യത്തിനും പിന്നില്‍ സ്പോട്സ് പ്രേമത്തിനു വലിയ പങ്കുള്ളതായി സുഹൃത്തുക്കള്‍.
ഹോക്കി കളിയാണ് ജോയുടെ ഇഷ്ടങ്ങളിലൊന്ന്. ബക്കിംഗ്ഹാം കൊട്ടാരത്തിലെ ചടങ്ങില്‍ ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ് സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജോ അപകടത്തിലായതും നീണ്ട പതിനൊന്നു മാസം അബോധത്തിലാഴ്ന്നതും.
ജോയുടെ ചികിത്സയ്ക്കും മറ്റുമായി ബന്ധുമിത്രാദികള്‍ ചേര്‍ന്ന് ഇതിനോടകം 33,000 പൗണ്ട് സമാഹരിച്ചു കഴിഞ്ഞു. മുടങ്ങിയ എ ലെവല്‍ പഠനത്തിലേക്കു മടങ്ങുന്നതിന് ഇനിയും ഒരു കൊല്ലം കൂടി വേണ്ടിവരുമെന്നാണു സൂചന.
പരസഹായമില്ലാതെ യാത്ര ചെയ്യാനുള്ള ആരോഗ്യത്തിലേക്ക് എത്താന്‍ ജോ അത്രയും കാലം കാത്തിരിക്കേണ്ടിവരും.