തുറവൂർ: കൊറോണ പ്രതിരോധ ബോധവൽക്കരണവുമായി ചവിട്ടുനാടകം ശ്രദ്ധേയമാകുന്നു. തീരദേശമേഖലയിലെ പുരാതന കലാരൂപമായ ചവിട്ടു നാടകത്തിലൂടെയുള്ള കൊറോണ ബോധവൽക്കരണ വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്.
സാധാരണയായി വിശുദ്ധന്മാരുടെ ചരിത്രവും പൂർവികരായ ഭരണ കർത്താക്കളുടെ ചരിത്രവുമാണ് ചവിട്ടുനാടകത്തിന് വിഷയമായി മാറുന്നത്.
എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് ഇന്നിന്റെ വിഷയം കലാരൂപമാക്കി അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ചവിട്ടുനാടക കലാസമിതിയുടെ നേതൃത്വത്തിലാണ് ലോക് ഡൗണ്‍ കാലയളവിൽ കൊറോണ ബോധവൽക്കരണ ചവിട്ടുനാടകം ചിട്ടപ്പെടുത്തി വീഡിയോയിൽ ചിത്രീകരിച്ചത്. കൊറോണ ചരിതം എന്ന് പേരിട്ടിരിക്കുന്ന ഈ ചവിട്ടുനാടകത്തിന്റെ ആശയവും ആവിഷ്ക്കാരവും ജോസി മാനസയും സംവിധാനം ജോണ്‍ കാക്കശ്ശേരിയും പശ്ചാത്തല സംഗീതം നോർബർട്ട് ജെ. കോയിലും നിർവഹിച്ചു.
ഗായകർ സെബാസ്റ്റ്യൻ, വർഗീസ് , പ്രശാന്ത് പറയകട്ടിൽ. മേക്കപ്പ് പൊടിയൻ പള്ളിത്തോട്. ചമയം ആന്റണി പള്ളിത്തോട്. റെക്കോഡിംഗ് പ്രശാന്ത് സൗണ്ട്. അഭിനേതാക്കൾ ജോണ്‍ കാക്കശ്ശേരി, ജോണ്‍ ചെല്ലാനം, ജോസഫ് ജെയിസണ്‍, മോറീസ് ചെട്ടി വേലിയ കത്ത്, സുന്ദരൻ കാക്കശ്ശേരി, പ്രിൻസ് വെളിയിൽ, പൊനപ്പാസ് ചെല്ലാനം.
ഓണ്‍ലൈനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കലാരൂപം ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കലാകാരന്മാർ പറയുന്നു.