ബെയ്ജിംഗ്: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിച്ചതോടെ വൈറസിന്റെ രണ്ടാംവരവിൽ ആശങ്കയിലായി ചൈന. ഇന്നലെ ചൈനയിൽ 108 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറാഴ്ചയ്ക്കിടെ ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.
വിദേശത്തുനിന്നും എത്തിയവരിലാണ് കൂടുതലും കോവിഡ് കണ്ടെത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിദേശത്ത് നിന്ന് എത്തുന്ന രോഗബാധിതരായവരുടെ വർധനവ് ആണ് വൈറസിന്റെ രണ്ടാം ഘട്ടത്തിലെ ചൈനയുടെ മുന്നിലെ വെല്ലുവിളി.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 98 പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഇന്നലെ രാജ്യത്ത് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 3,341 ആയി ഉയർന്നു.
ശനിയാഴ്ച 99 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് അഞ്ചിന് 143 കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലാകുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.
ചൈനയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,160 ആണ്. പുതുതായി രോഗ ബാധ കണ്ടെത്തിയവരിൽ ഭൂരിപക്ഷവും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരാണ്. ഇതാണ് അധികൃതരെ വീണ്ടും മുൾമുനയിലാക്കുന്നത്.
ശനിയാഴ്ച സ്ഥിരീകരിച്ച 99 കേസുകളിൽ 63 പേരും പ്രത്യേക രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഇവരിൽ 12 പേരും വിദേശത്തുനിന്നും എത്തിയവരാണ്.
വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലടക്കം 11 ആഴ്ചകൾക്കു ശേഷം നിയന്ത്രണങ്ങൾ നീക്കിയിരുന്നു. ലക്ഷണങ്ങളില്ലാതെ രോഗം പടരുന്നത് ഈ പ്രദേശങ്ങളിലടക്കം അപകടം വർധിപ്പിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയപ്പ് നൽകുന്നു.
ചിലപ്രദേശങ്ങളിൽ ഒന്നിലധികം പേർക്ക് രോഗബാധകണ്ടതോടെ ജനങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കൂട്ടംചേരുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വൈറസ് വ്യാപനത്തെതുടർന്ന് നൂറുകണക്കിന് ചൈനക്കാരാണ് വിദേശരാജ്യങ്ങളിൽ കുടുങ്ങിയിരുന്നത്. അവരെല്ലാം ഇപ്പോൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
പുറത്തുനിന്ന് എത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ താമസിപ്പിച്ചശേഷമാണ് വീടുകളിൽ പോകാൻ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്ന് കൂടുതൽ പേരിലേക്ക് രോഗം പകരുന്നുണ്ട്.
ഫെബ്രുവരി മാസത്തില്‍ ഏറ്റവും ഉയര്‍ന്ന രോഗവ്യാപന തോത് രേഖപ്പെടുത്തിയ ചൈനയില്‍ പിന്നീട് ഇത് കുറഞ്ഞുവരുകയും മാര്‍ച്ച് പകുതിയോടെ ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും ചെയ്തു. നിലവില്‍ ചൈനയിലെ രോഗബാധിതരുടെ എണ്ണം 82,160 ഉം ആകെ മരണസംഖ്യ 3,341 ഉം ആണ്.