ചൈനയിൽനിന്നു വരുന്ന ഉത്പന്നങ്ങളും പായ്ക്കറ്റുകളും കൊറോണാ വൈറസ് പരത്തുമോ എന്നു ചില കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നു.
രാജ്യത്തെ സ്മാർട് ഫോൺ നിർമാണ കന്പനികളുടെ സംഘടനയായ ഇന്ത്യൻ സെല്ലുലർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) തന്നെ ഈ വിഷയത്തിൽ വ്യക്തത തേടി ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ട്.
ഷവോമി, ആപ്പിൾ, നോക്കിയ ഫോണുകൾ നിർമിക്കുന്ന ഫോക്സ്കോൺ, വിവോയുടെയും ഓപ്പോയുടെയും ഫോണുകൾ നിർമിക്കുന്ന വിസ്ട്രോൺ കന്പനികൾ ഇതിൽ അംഗങ്ങളാണ്.
വൈറസുകൾ സാധാരണ അന്തരീക്ഷത്തിലും പദാർഥങ്ങളിലും അധികനേരം ജീവിക്കില്ലെന്നും അതിനാൽ പായ്ക്കറ്റുകളിൽനിന്നു വൈറസ് പടരാൻ സാധ്യതയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി (സിഡിസി)ലെ ഡയറക്ടർ ഡോ. നാൻസി മെസോനിയർ പറയുന്നത് പായ്ക്കറ്റുകളിലൂടെ വൈറസ് പടരാൻ സാധ്യത ഇല്ലെന്നുതന്നെയാണ്. ഇമ്യൂണൈസേഷൻ ആൻഡ് റെസ്പിരോറ്ററി ഡിസീസസ് സെന്ററിന്റെ ചുമതലക്കാരിയാണ് അവർ.
ദിവസങ്ങളും ആഴ്ചകളും സാധാരണ അന്തരീക്ഷ ഊഷ്മാവിലാണല്ലോ പായ്ക്കറ്റുകൾ സൂക്ഷിക്കുന്നത്. അത്രയും സമയം അന്തരീക്ഷ ഊഷ്മാവിൽ വൈറസുകൾക്കു പിടിച്ചുനിൽക്കാനാവില്ല എന്നു ഡോ. നാൻസി വിശദീകരിച്ചു. മറിച്ച് ഇതുവരെയും തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
വൈറസ് ബാധിച്ചവരുടെ സാമീപ്യമാണു വൈറസ് പടരാൻ വഴിതെളിക്കുക. അവരുടെ ചുമയിലും തുപ്പലിലും വൈറസ് ഉണ്ട്. സമീപത്തു നിൽക്കുന്നവരുടെ ദേഹത്ത് തുപ്പലിന്റെ ഭാഗം പറ്റിയാൽ വൈറസ് പടരാം.
ചുമയ്ക്കുന്പോൾ വായുവിലൂടെയും വൈറസ് കടന്നുവരും. മൂക്കും വായും മൂടിക്കെട്ടുന്നതും മാസ്ക് ധരിക്കുന്നതും കൈകൾ എപ്പോഴും കഴുകി വൃത്തിയാക്കുന്നതുമാണു വൈറസ് പിടിക്കാതിരിക്കാനുള്ള നടപടി.